ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിൽ, വർദ്ധിച്ചുവരുന്ന ശത്രുതയിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും പ്രധാനമന്ത്രി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
പശ്ചിമേഷ്യയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ഭദ്രതയുമാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “മേഖലയിലെ ഗുരുതരമായ സ്ഥിതിഗതികൾ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്കിയനുമായി ചർച്ച ചെയ്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ ആഴത്തിലുള്ള ഉത്കണ്ഠ അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കൊപ്പം തന്നെ ചരക്കുകളുടെയും ഊർജ്ജത്തിന്റെയും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന്” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുദ്ധം ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയും ചർച്ചയായി. നയതന്ത്ര ഇടപെടലുകളെത്തുടർന്ന്, മറ്റ് വിദേശ കപ്പലുകൾക്ക് നിയന്ത്രണമുണ്ടായിട്ടും ഇന്ത്യൻ പതാകയേന്തിയ ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ച ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള സംഭാഷണമാണിത്.


