കന്യാകുമാരി സന്ദർശനത്തിനിടെ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി: മരിച്ചത് കിടങ്ങൂർ സ്വദേശികളായ സഹോദരിമാരെ

കന്യാകുമാരി: കന്യാകുമാരി സന്ദർശനത്തിനിടെ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടില്‍ ഫിലിപ്പിന്റെ മക്കളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് ഭാഗത്ത് കടലില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Advertisements

അമേരിക്കയില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് സഹോദരിമാർ നാട്ടിലെത്തിയത്. രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിച്ച ശേഷം ഏപ്രില്‍ 26-ന് വൈകുന്നേരമാണ് ഇവർ കന്യാകുമാരിയില്‍ എത്തിയത്. അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവർ പുറത്തുപോയെങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടും തിരികെ വന്നില്ല. ഹോട്ടല്‍ അധികൃതർ യുവതികളുടെ അമ്മയെ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ കന്യാകുമാരിയിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളികള്‍ കടലില്‍ മൃതദേഹങ്ങള്‍ കണ്ടത്. പോലീസിന്റെ സാന്നിധ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ തന്നെ മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചു. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശാരിപ്പള്ളി സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

യുവതികളുടെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ തീരദേശ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles