ചെന്നൈ :തമിഴക വെട്രി കഴകം (TVK) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് സംഘാടകര്‍ അറിയിച്ചു.അപകടം നടന്നിട്ട് ഏകദേശം ഒരു മാസത്തിന് ശേഷമാണ് വിജയ് ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാബലിപുരത്തേക്ക് എത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കുടുംബങ്ങള്‍ക്കായി 50 മുറികള്‍ റിസോര്‍ട്ടില്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും, 20 കുടുംബങ്ങള്‍ മാത്രമാണ് പങ്കെടുക്കാന്‍ സമ്മതം അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.മറ്റുള്ള 21 കുടുംബങ്ങള്‍ വിജയിനെ കാണാന്‍ വിസമ്മതം പ്രകടിപ്പിച്ചതായും, “ദുരന്തം നടന്ന സ്ഥലമായ കരൂരില്‍ അല്ലെങ്കില്‍ ചെന്നൈയിലെ പാര്‍ട്ടി ഓഫിസിലായിരുന്നെങ്കില്‍ മതിയായിരുന്നു” എന്ന തരത്തിലുള്ള അഭിപ്രായങ്ങളും ചിലര്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബര്‍ 27-നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു.ദുരന്തത്തെ തുടര്‍ന്ന് ടിവികെ ഫണ്ടില്‍ നിന്ന് 39 കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ കരൂരിലെ സ്ഥലത്ത് പരിശോധനയും തെളിവെടുപ്പും നടത്തി.


