ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ മലയാളി മാധ്യമം കേരള മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെപ്പറ്റി ഒരു തിരഞ്ഞെടുപ്പ് സർവേ നടത്തുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ (ഏകദേശം 10 മില്യൺ) പ്രചാരമുള്ള ഇ മലയാളി സർവേയ്ക്ക് തികഞ്ഞ ആധികാരികതയുണ്ട്. അതിനാൽ രാഷ്ട്രീയമായോ അല്ലാതെയോ ഇവർക്ക് മാർക്കിടാം. സസ്പെൻസ് നിറഞ്ഞ വോട്ടെടുപ്പ് ഫലം ഉചിത സമയത്ത് പ്രഖ്യാപിക്കുന്നതാണ്. നിയമസഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ആദ്യത്തെ മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലായ ഇ മലയാളിയും പ്രവാസി ചാനലും നടത്തുന്ന സർവേയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എം.എൽ.എ, രമേശ് ചെന്നിത്തല എം.എൽ.എ, മുൻ മന്ത്രി കെ.കെ ശൈലജ എം.എൻ.എ എന്നിവരാണ് അണിനിരക്കുന്നത്. ഇവരിലൊരാൾ അടുത്ത മുഖ്യമന്ത്രി ആവുമെന്നുറപ്പാണ്. എന്നാൽ ആ വ്യക്തി ആരായിരിക്കും..? അത് നിങ്ങൾ പറയുന്ന ആളാവട്ടെ.
പിണറായി വിജയൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരുന്ന ഇലക്ഷനിൽ മൂന്നാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ഗോദയിലിറങ്ങുന്ന വ്യക്തിയാണ് പിണറായി വിജയൻ. മൂന്നാമതും അധികാരത്തിൽ വരുമെന്ന എൽ.ഡി.എഫിന്റെ പ്രതീക്ഷയ്ക്ക് കരുത്തേകുന്നതാണ് ധർമ്മടം എം.എൽ.എ ആയ പിണറായിയുടെ സ്ഥാനാർത്ഥിത്വം. ഇന്നത്തെ എസ്.എഫ്.എയുടെ പൂർവ സംഘടനയായ കെ.എസ്എ.ഫിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നിരവധി വിദ്യാർത്ഥി സമര മുന്നേറ്റങ്ങളിൽ നേതൃത്വം വഹിച്ചു. പിന്നീട് കെ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി. 1964-ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. പിന്നീട് തലശേരി മണ്ഡലം സെക്രട്ടറിയായി, ജില്ലാകമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പിണറായി വിജയൻ 1978-ലാണ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്. 1998-ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ എം.എൽ.എയും മന്ത്രിയുമായി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പിണറായി വിജയൻ. ഇക്കുറിയും ധർമ്മടത്ത് പിണറായി വിജയൻ മാറ്റുരയ്ക്കും.
വി.ഡി സതീശൻ
പ്രതിപക്ഷ നേതാവ് സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രി പദത്തിന് അർഹനാണ്. ഇപ്പോൾ പുതുയുഗ യാത്ര കഴിഞ്ഞ് മൈലേജുണ്ടാക്കിയിരിക്കുകയാണ് വി.ഡി സതീശൻ. 1996-ൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിന് അനുകൂലമായും പ്രതികരിക്കുന്ന എം.എൽ.എ മാരുടെ രാഷ്ട്രീയേതര സംഘത്തിൽ പ്രമുഖൻ. എ.ഐ.സി.സി സെക്രട്ടറിയും 2014-ൽ കെ.പി.സി.സി വൈസ് പ്രസിഡന്റായും നിയമിതനായി. വി.ഡി സതീശന്റെ നേതൃത്വത്തിലാണ് ഇത്തവണ യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പറവൂരിൽ നിന്ന് തന്നെയാണ് സതീശൻ ഇക്കുറിയും ജനവിധി തേടുക.
രാജീവ് ചന്ദ്രശേഖർ
മുൻ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ പണ്ട് ഒ രാജഗോപാലിലൂടെ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറന്ന നേമത്ത് മന്ത്രി വി ശിവൻകുട്ടിക്കെതിരെയാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം കേർപറേഷൻ ഭരണം പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. 2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു കർണാടകയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായ രാജീവ് ചന്ദ്രശേഖർ. 2006 മുതൽ 2024 വരെ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ച ഇദ്ദേഹം കർണാടകയിലെ വ്യവസായ പ്രമുഖൻ കൂടിയാണ്. 2025 മാർച്ച് 24 മുതൽ കേരളത്തിലെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാണ്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു.
എം.വി ഗോവിന്ദൻ
എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ രൂപീകരിച്ച ബാലസംഘത്തിലൂടെയാണ് എം.വി ഗോവിന്ദന്റെ പൊതുരംഗ പ്രവേശം. 1980-ൽ ഡി.വൈ.എഫ്.ഐ. രൂപീകരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റായി. സി.പി.എം സംസ്ഥാന സെക്രട്ടറിയും, പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമാണ് ഗോവിന്ദൻ മാസ്റ്റർ എന്നറിയപ്പെടുന്ന എം.വി ഗോവിന്ദൻ. രണ്ടാം പിണറായി മന്ത്രിസഭയിലെ എക്സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായി തുടരവെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പുതിയ സെക്രട്ടറിയായി ഗോവിന്ദൻ മാസ്റ്ററെ 2022 ഓഗസ്റ്റ് 28-ന് തിരഞ്ഞെടുത്തു. 2022 സെപ്റ്റംബർ 2-ന് കാബിനറ്റ് മന്ത്രിപദം രാജിവച്ച് ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റു. കോടിയേരി ബാലകൃഷ്ണൻ 2022 ഒക്ടോബർ ഒന്നിന് അന്തരിച്ചതിനെ തുടർന്ന് വന്ന ഒഴിവിൽ 2022 ഒക്ടോബർ 31-ന് പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
രമേശ് ചെന്നിത്തല
എക്കാലത്തും ഹരിപ്പാടുകാരുടെ സ്വന്തം എം.എൽ.എയാണ് രമേശ് ചെന്നിത്തല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ കെ.എസ്.യു നേതാവിൽ നിന്നും ആദ്യമായി രമേശ് ചെന്നിത്തല എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത് ഹരിപ്പാട് നിന്നാണ്. അന്ന് വെറും 26 വയസായിരുന്നു രാഷ്ട്രീയത്തിലേയ്ക്ക് കെ കരുണാകരൻ കൈപിടിച്ചുയർത്തിയ രമേശിന്. കരുണാകന്റെ മാനസപുത്രൻ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം 1986-ൽ മുപ്പതാം വയസ്സിൽ മന്ത്രിയായി സ്ഥാനമേറ്റു. ആഭ്യന്തര വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സുപ്രധാന പദവികളും പിന്നീട് രമേശ് ചെന്നിത്തല വഹിച്ചു. അഞ്ച് തവണയാണ് ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തല നിയമസഭയിലെത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നെങ്കിലും 2021ലെ യു.ഡി.എഫിന്റെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പദവി വി.ഡി സതീശനിലേക്കെത്തുകയായിരുന്നു. പക്ഷേ, നിരവധി ജനകീയ പ്രശ്നങ്ങൾ അദ്ദേഹം പൊതുജന സമക്ഷമെത്തിച്ചു.
കെ.കെ.ശൈലജ
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ചർച്ചകളിൽ സജീവമായിരുന്നു ഒന്നാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രിയെന്ന നിലയിൽ ലോക പ്രശസ്തി നേടിയ കെ.കെ.ശൈലജ. പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996-ലും പേരാവൂർ മണ്ഡലത്തിൽ നിന്നും 2006-ലും നിയമസഭാംഗമായി. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ എറ്റവും ഉയർന്ന ഭൂരിപക്ഷമായ 60,963 വോട്ടുകൾക്കാണ് ശൈലജ 2021-ൽ മട്ടന്നൂർ മണ്ഡലത്തിൽനിന്ന് വിജയിച്ചത്. കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ശൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. 2020 ജൂൺ 23-ന് ഐക്യരാഷ്ട്രസഭ ടീച്ചറെ ആദരിക്കുകയുണ്ടായി. ‘കൊറോണ വൈറസ് കൊലയാളി’, ‘റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി’ എന്നാണ് ഗാർഡിയൻ ടീച്ചറെ വിശേഷിപ്പിച്ചത്. ആരോഗ്യരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2021-ലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ ‘ഓപ്പൺ സൊസൈറ്റി പ്രൈസ്’ എന്ന ബഹുമതിയും ശൈലജ ടീച്ചർ നേടി. ഈ പുരസ്കാരം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ശൈലജ. ഇത്തവണ പേരാവൂരിലാണ് പോരിനിറങ്ങുക.
മേൽ സൂചിപ്പിച്ച ആറുപേരുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി ഇ മലയാളിയുടെ സർവേയിൽ പങ്കെടുക്കാം. അമേരിക്കയിൽ ഏറ്റവും കൂടുതൽ വ്യൂവർഷിപ്പും റീഷർഷിപ്പുമുള്ള ഇ മലയാളി സർവേയ്ക്ക് തികഞ്ഞ ആധികാരികതയുണ്ട്. അതിനാൽ പൊളിറ്റിക്കൽ സ്പിരിറ്റോടെ തന്നെ ഇവർക്ക് മാർക്കിടാം. സസ്പെൻസ് നിറഞ്ഞ വോട്ടെടുപ്പ് ഫലം ഉചിത സമയത്ത് പ്രഖ്യാപിക്കുന്നതാണ്. കേരളത്തിലെ തിരഞ്ഞടുപ്പിൽ ഒരു ജനപ്രിയ മാധ്യമം വഴി അമേരിക്കയിലെ രാഷ്ട്രീയ പ്രബുദ്ധരായ മലയാളികൾക്ക് സുചിന്തിതമായ അഭിപ്രായം പറയാനുള്ള അവസരമാണ് ഇ മലയാളി സർവേ.
സൈറ്റ് സന്ദർശിക്കുക: www.eMalayalee.com/vote


