ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പ്രഹസനമായ സി.ബി.എസ്.ഇ പുനർമൂല്യ നിർണയവും സർക്കാരിന്റെ പ്രതിഛായ മോശമാക്കിയ പശ്ചാത്തലത്തില്‍ മൂന്നാം മോദി മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിച്ചേക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് സീഷെല്‍സിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 29ന് തിരിച്ചെത്തിയാലുടൻ പുനഃസംഘടന പ്രതീക്ഷിക്കാം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പതിനാറ് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തതതും സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ ഒഴിവാക്കി പൊതു സ്വീകാര്യതയുള്ള ധനമന്ത്രി നിർമ്മല സീതാരാമനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാദ്ധ്യത.
എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമം അനുവദിക്കണമെന്ന നിർമ്മല സീതാരാമന്റെ അഭ്യർത്ഥനയും ബി.ജെ.പി നേതൃത്വത്തിന് മുന്നിലുണ്ട്. ധനമന്ത്രിയായി മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വന്നേക്കും. 2025 ഒക്‌ടോബർ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ്. എപ്‌സ്റ്റീൻ ഫയല്‍ വിവാദങ്ങളില്‍ കുടുങ്ങിയ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെയും ഒഴിവാക്കിയേക്കും. സിഖ് സമുദായത്തില്‍പ്പെട്ട ഹർദീപ് സിംഗ് പുരിയെ മാറ്റിയാല്‍ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ നിന്നുള്ള ഒരാള്‍ക്ക് അവസരം ലഭിച്ചേക്കാം. റെയില്‍വേ സഹമന്ത്രിയായ രവ്‌നീത് സിംഗ് ബിട്ടുവിന്റെ രാജ്യസഭാംഗത്വം പുതുക്കാത്തതിനാല്‍ അദ്ദേഹത്തിന് പഞ്ചാബിലേക്ക് മടങ്ങേണ്ടിവരും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ റോള്‍ ലഭിച്ചേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, കോർപറേറ്റ് കാര്യ സഹമന്ത്രി ഹർഷ് മല്‍ഹോത്രയെ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷനായും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ ഉത്തർപ്രദേശ് അദ്ധ്യക്ഷനുമാക്കിയിരുന്നു. ഈ വകുപ്പുകളില്‍ പുതിയവർ വരും. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഉത്തർപ്രദേശിന് മികച്ച പ്രാതിനിധ്യം ലഭിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്‌ച രാഷ‌്ട്രപതി ഭവനില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ നടക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
എം.പിമാരെ കൂടോടെ മാറ്റിയ
ഛദ്ദ മുതല്‍ സുഖേന്ദു വരെ
ആംആദ്‌മിയില്‍ നിന്ന് ഏഴ് എം.പിമാരുടെ കൂറുമാറ്റത്തിന് ചുക്കാൻ പിടിച്ച രാഘവ് ഛദ്ദ, നിലവില്‍ രാജ്യസഭാംഗമായ ജെ.ഡി.യു നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ നിന്ന് ആറ് എംപിമാരെ ചാടിക്കാൻ നേതൃത്വം നല്‍കിയതിനുള്ള ഉപഹാരമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകൻ ലോക്‌സഭാ എം.പി ശ്രീകാന്ത് ഷിൻഡെ, തൃണമൂല്‍ വിട്ട സുഖേന്ദു ശേഖർ റായി തുടങ്ങിയവർക്കും അവസരം ലഭിക്കുമെന്നാണ് സൂചന. തൃണമൂല്‍ വിട്ട് എൻ.സി.പി.ഐയില്‍ ലയിച്ച തൃണമൂല്‍ എംപിമാരും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കുമോയെന്ന് വ്യക്തമല്ല.
പ്രധാനെ
പ്രകീർത്തിച്ച് മോദി
കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ധർമ്മേന്ദ്ര പ്രധാനെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെയായിരുന്നു പ്രധാന്റെ ജന്മദിനം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ പ്രധാൻ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് മോദി പ്രകീർത്തിച്ചു.
പിന്നാലെ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്‌ത 14 വിദ്യാർത്ഥികളുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ച് മുതിർന്ന നേതാവ് പവൻ ഖേരയുടെ ട്വീറ്രിലാണ് വിമർശനം.


