ബംഗളൂരു: റെക്കോഡ് തുകയ്‌ക്കാണ് ആദിത്യ ബിർള ഗ്രൂപ്പ് അടങ്ങിയ കണ്‍സോർഷ്യം ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.1.78 ബില്യണ്‍ (16,000 കോടിരൂപയിലധികം) ഡോളറിനാണ് ആദിത്യ ബിർള ഗ്രൂപ്പ്, അമേരിക്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ബ്‌ളാക് സ്റ്റോണ്‍ ഇൻവെസ്‌റ്റ്മെന്റ് ഗ്രൂപ്പ്, ഡേവിഡ് ബ്‌ളിറ്റ്‌സേഴ്‌സിന്റെ ബോള്‍ട് വെഞ്ച്വേഴ്‌സ് എന്നിവരടങ്ങിയ കണ്‍സോർഷ്യം ചൊവ്വാഴ്‌ച ആർസിബിയെ വാങ്ങിയത്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകൻ ആര്യമാൻ ബിർളയാണ് ഇനിമുതല്‍ ആർസിബിയുടെ ചെയർമാൻ.
മലയാളി താരം സഞ്ജു സാംസണടങ്ങുന്ന രാജസ്ഥാൻ റോയല്‍സ് 2018 ഐപിഎല്‍ സീസണില്‍ 30 ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കിയ താരമായിരുന്നു ആര്യമാൻ ബിർള. ആഭ്യന്തര ക്രിക്കറ്റില്‍ മദ്ധ്യപ്രദേശിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് 28കാരനായ ആര്യമാൻ ബിർള. അന്ന് ആർസിബിയുടെ നായകൻ രജത് പാട്ടിദാർ, വെങ്കിടേഷ് അയ്യർ തുടങ്ങി താരങ്ങളോടൊപ്പം ആര്യമാൻ കളിച്ചിരുന്നു. ഇന്ന് അവരുടെയെല്ലാം ഫ്രാഞ്ചൈസിയുടെ ഉടമയായി ആര്യമാൻ എത്തുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്ധ്യപ്രദേശിനായി ഒൻപത് ഫസ്‌റ്റ് ക്ളാസ് മത്സരങ്ങള്‍ ആര്യമാൻ കളിച്ചിട്ടുണ്ട്. 414 റണ്‍സും നേടി. ഇതില്‍ ബംഗാളിനെതിരെ ഈഡൻ ഗാർഡൻസില്‍ വച്ച് ഒരു സെഞ്ച്വറിയും നേടി. നാല് ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 36 റണ്‍സും ആര്യമാൻ നേടിയിട്ടുണ്ട്. രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കിയെങ്കിലും ഒരു ഐപിഎല്‍ മത്സരം പോലും ആര്യമാന് കളിക്കാനായില്ല. 2020ല്‍ താരത്തെ റിലീസ് ചെയ്യുകയും ചെയ്‌തു. ഏതാണ്ട് ഈ കാലത്ത് തന്നെ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാൻ ആര്യമാൻ തീരുമാനിച്ചു. പിന്നീട് തിരികെ ക്രിക്കറ്റിലേക്ക് വന്നില്ല. ആദിത്യ ബിർള മാനേജ്‌മെന്റ് കോർപറേഷനില്‍ ഡയറക്‌ടറായി.
‘ആർസിബിയുടെ അടുത്തഘട്ട വളർച്ചയ്‌ക്ക് രൂപം നല്‍കാൻ ഈ പങ്കാളിത്തത്തില്‍ ഒപ്പം ചേർന്നത് അഭിമാനകരമായ കാര്യമാണ്. സ്‌പോർട്‌സ്, മാദ്ധ്യമങ്ങള്‍, ഉപഭോക്തൃ ബിസിനസുകള്‍ എന്നിവയില്‍ ആഴത്തില്‍ ധാരണയുണ്ടാകാൻ ഈ കൂട്ടായ്‌മ സഹായിക്കും.’ ആദിത്യ ബിർള ഗ്രൂപ്പ് ആർസിബിയെ സ്വന്തമാക്കിയതിനെക്കുറിച്ച് ആര്യമാൻ വ്യക്തമാക്കി.

