തിരുവനന്തപുരം : കേരള നിയമസഭ തെരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി. പോളിങ് ബൂത്തിലെത്താൻ മണിക്കൂറുകള്‍ ശേഷിക്കെ പര്യടനങ്ങളും പ്രചാരണങ്ങളും ശക്തമാക്കുകയാണ് മുന്നണികള്‍.അവസാനഘട്ടത്തിലും വികസന നേട്ടത്തിലൂന്നി പ്രചാരണം ശക്തമാക്കുകയാണ് എല്‍ഡിഎഫ്. വയനാട് ഫണ്ട് വിവാദം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പ്രതിരോധത്തിലാണെങ്കിലും പ്രചാരണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ നാടിളക്കിയുള്ള പ്രചാരണമാണ് എൻഡിഎ നടത്തുന്നത്.
സംസ്ഥാനത്ത് ഭരണം പിടിക്കുക എന്ന ലക്ഷ്യവുമായി മുന്നണികള്‍ കളം നിറയുമ്പോള്‍ നിർണായകമാകുന്ന ചില മണ്ഡലങ്ങളുണ്ട്. കഴിഞ്ഞ തവണ വെറും 5,000 ത്തില്‍ താഴെ വോട്ടുകള്‍ മാത്രം ഭൂരിപക്ഷമുള്ള 26 മണ്ഡലങ്ങള്‍. ഇതില്‍ 1000 ല്‍ താഴെ വോട്ടുകള്‍ക്ക് വിധിമാറിയ എട്ട് മണ്ഡലങ്ങളുമുണ്ട്. ഈ മണ്ഡലങ്ങള്‍ ആര് പിടിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സംസ്ഥാനത്തെ ഭരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5,000 ത്തില്‍ താഴെ ഭൂരിപക്ഷമുള്ള 26 മണ്ഡലങ്ങളില്‍ പതിനേഴിടത്തും കഴിഞ്ഞതവണ വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാർഥികളായിരുന്നു. പിണറായി സർക്കാരിന് തുടർഭരണം ഉറപ്പാക്കുന്നതില്‍ നിർണായകമായത് ഈ മണ്ഡലങ്ങളാണ്. അതുകൊണ്ട് തന്നെ ഈ 26 മണ്ഡലങ്ങള്‍ ആരുടെ കൂടെ നില്ക്കും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരെന്നതും.
പെരിന്തല്‍മണ്ണ, കുറ്റ്യാടി, മഞ്ചേശ്വരം, തൃശൂർ, താനൂർ, തൃപ്പൂണിത്തുറ, ചാലക്കുടി, ചവറ, റാന്നി, കണ്ണൂർ, പീരുമേട്, കൊല്ലം, തവനൂർ, കുന്നത്തുനാട്, പെരുമ്പാവൂർ, അടൂർ, കുന്നത്തൂർ, തൃത്താല, പേരാവൂർ, നേമം, നാദാപുരം, കടുത്തുരുത്തി, കുണ്ടറ, തിരുവമ്പാടി, നിലമ്പൂർ, പാലക്കാട് എന്നിവയാണ് 26 മണ്ഡലങ്ങള്‍. ഇതില്‍ നിലമ്പൂരിലും പാലക്കാടും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. എന്തായാലും മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്ന പോരാട്ടമാകും ഈ മണ്ഡലങ്ങളില്‍ നടക്കുക.
അതേസമയം യുഡിഎഫ് സ്ഥാനാർഥികള്‍ക്ക് വോട്ട് തേടി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് കൊട്ടാരക്കരയില്‍ എത്തും. വൈകീട്ട് നാല് മണിക്കാണ് ഖാർഗെ പങ്കെടുക്കുന്ന പൊതുയോഗം. കർണാടക മന്ത്രിമാരായ പ്രീയങ്ക ഖാർഗെ, കെജെ ജോർജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ സ്ഥാനാർഥികള്‍ക്ക് വോട്ട് തേടിക്കൊണ്ടാണ് യോഗം.
എൻഡിയ്ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും ഇന്ന് കേരളത്തില്‍ പ്രചാരണത്തിന് എത്തും. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൃശൂരിലും പാലക്കാടും എത്തുന്ന നിർമല സീതാരാമൻ ബിജെപി സ്ഥാനാർഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കും.

