കോട്ടയം മെഡിക്കൽ കോളേജിനു സമീപം യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത് ക്വട്ടേഷൻ; ക്വട്ടേഷൻ നൽകിയത് എസ്.എച്ച് മൗണ്ടിലെ പച്ചക്കറി ഉടമ നിസാർ; പ്രതികളെ പച്ചക്കറിക്കട ഉടമയ്ക്ക് പരിചയപ്പെടുത്തിയ കേരള കോൺഗ്രസ് എം നേതാവ് റെനീഷ് കാരിമറ്റവും പ്രതി; ആക്രമിച്ചത് പച്ചക്കറി കട ഉടമയുടെ ഭാര്യയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുൻ ജീവനക്കാരനെ

കോട്ടയം: ഭാര്യയുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയ മുൻ ജീവനക്കാരനെ ക്വട്ടേഷൻ നൽകി ആക്രമിച്ച കേസിൽ എസ്.എച്ച് മൗണ്ടിലെ പച്ചക്കറിക്കട ഉടമയെ പ്രതിചേർത്ത് പൊലീസ്. ആക്രമണം നടത്തിയ പ്രതികളെയും പച്ചക്കറികട ഉടമയെയും തമ്മിൽ പരിചയപ്പെടുത്തിയ കേരള കോൺഗ്രസ് എം നേതാവ് റെനീഷ് കാരിമറ്റത്തെയും കേസിൽ പ്രതി ചേർത്തു. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുണ്ടായ ആക്രമ സംഭവങ്ങളിൽ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് നിർണ്ണായകമായ നടപടികളുണ്ടായത്.

Advertisements

കഴിഞ്ഞ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണം കവരുകയും ചെയ്തിരുന്നു. ഈ കേസിൽ പൂവൻതുരുത്ത് കടുവാക്കുളം പുത്തൻപറമ്പിൽ വീട്ടിൽ വികാസ് (25), മൂലേടം ഇല്ലിപ്പറമ്പിൽ വീട്ടിൽ രാഹുൽ (38) , പൂവൻതുരുത്ത് പനയിൽ വീട്ടിൽ ജിഷ്ണു (30) , പൂവൻതുരുത്ത് സൗപർണികയിൽ വീട്ടിൽ രൂപക് വിജയൻ (39) എന്നിവരെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മററ്റൊരു പ്രതിയായ കോരുത്തോട് കോവൂർ വീട്ടിൽ സേതു തങ്കരാജനെ (29) അറസ്റ്റ് ചെയ്തതോടെയാണ് കേസിനു പിന്നിലെ ക്വട്ടേഷൻ വ്യക്തമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സേതുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതിയായ ജിഷ്ണുവിന് ലഭിച്ച ക്വട്ടേഷനാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് വ്യക്തമായത്. ആക്രമണത്തിന് ഇരയായ യുവാവാവ് എസ്.എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കടയിലെ ജീവനക്കാനായിരുന്നതായി പൊലീസ് പറയുന്നു. ഇവിടെ ജോലി ചെയ്ത ശേഷം പുറത്തിറങ്ങിയ പ്രതി കട ഉടമയായ നിസാറിന്റെ ഭാര്യയുടെ പേരിൽ അശ്ലീല പ്രചാരണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഭാര്യയുടെ അശ്ലീല ചിത്രങ്ങൾ കൈവശമുണ്ടെന്ന് പ്രതി പല സ്ഥലത്തും പ്രചാരണം നടത്തി. ഇതേ തുടർന്ന് ഇത് അറിഞ്ഞ നിസാർ പ്രതികാരം തീർക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.

തുടർന്ന്, കേരള കോൺഗ്രസ് എം നേതാവായ റെനീഷ് കാരിമറ്റം വഴി പ്രതികളിൽ ഒരാളായ ജിഷ്ണുവിനെ നിസാർ പരിചയപ്പെട്ടതായി പൊലീസ് പറയുന്നു. തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. ഈ തുകയിൽ 75000 രൂപ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. കേസിലെ പ്രതികളിൽ ഒരാളുടെ ഫോണിൽ നിന്നും ക്വട്ടേഷൻ തെളിയിക്കുന്ന വോയിസ് കോൾ റെക്കോർഡുകളും, വാട്‌സ്അപ്പ് ചാറ്റുകളും വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പൊലീസ് പ്രതി ചേർത്ത വിവരം പുറത്തറിഞ്ഞതോടെ റെനീഷ് കാരിമറ്റവും , നിസാറും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ നിസാറിന്റെ ഭാര്യയെയും പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു. പച്ചക്കറിക്കടയിൽ എത്തിയ ഹരിത കർമ്മ സേനാംഗത്തെ അസഭ്യം പറഞ്ഞ കേസിൽ നേരത്തെ ഗാന്ധിനഗർ പൊലീസ് നിസാറിന് എതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്വട്ടേഷൻ നൽകി മുൻ ജീവനക്കാരനെ ആക്രമിച്ചതിന് നിസാറിന് എതിരെ കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles