കോട്ടയം നഗരസഭയിൽ ഒൻപതാം വാർഡിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം..! കഴിഞ്ഞ തവണ വിജയിച്ച സീറ്റ് വിട്ടു നൽകിയിട്ടും സീറ്റുറപ്പിച്ചു നൽകാത്തതിൽ പ്രതിഷേധം ശക്തം ; പ്രചാരണം തുടങ്ങി കേരള കോൺഗ്രസ് സ്ഥാനാർത്ഥി

കോട്ടയം: നഗരസഭയിൽ ഒൻപതാം വാർഡിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞ തവണ വിജയിച്ച് മൂന്നാം വാർഡ് കോൺഗ്രസിന് വിട്ടു നൽകുകയും, പിന്നീട് ചോദിച്ച വാർഡുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമാകാതെ വരികയും ചെയ്തതോടെയാണ് ഒൻപതാം വാർഡിൽ മത്സരിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം മൂന്ന്, രണ്ട് ഒൻപത് 10 50 വാർഡുകളിൽ ഏതെങ്കിലും മൂന്നു വാർഡുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം നഗരസഭയിൽ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ തവണ വിജയിച്ച മൂന്നാം വാർഡ് കോൺഗ്രസിന് വിട്ടു നൽകുകയായിരുന്നു. കോൺഗ്രസ് നേതാവ് സാബു മാത്യുവാണ് ഈ വാർഡിൽ മത്സരിക്കുന്നത്. ഇതിനു പകരം ഒൻപതാം വാർഡ് തങ്ങൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉറപ്പു പറഞ്ഞിരുന്നതാണ് എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നു. ഇവിടെ സുനിൽ ജോസഫിനെ സ്ഥാനാർത്ഥികായി പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സീറ്റ് തനിക്ക് വിട്ടു നൽകണമെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവ് ഫിലിപ്പ് ജോസഫ് രംഗത്ത് എത്തി. ഇതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ തവണ തങ്ങളുടെ പിൻതുണയോടെയാണ് യുഡിഎഫ് കോട്ടയം നഗരസഭയിൽ ഭരണം നടത്തിയതെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോൺഗ്രസിനെ ഓർമ്മിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ തങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം.

Advertisements

Hot Topics

Related Articles