കോട്ടയം: നഗരസഭ 24 ആം വാർഡിൽ കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ തീരുന്നില്ല. ഉമ്മൻചാണ്ടി അനുസ്മരണത്തിന് പിന്നാലെ ആരംഭിച്ച തർക്കങ്ങൾ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടും അവസാനിക്കുന്നില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഔദ്യോഗിക വാർഡ് കമ്മിറ്റിയെ അംഗീകരിക്കാതെ സമാന്തരമായി വാർഡ് പ്രസിഡന്റിനെ തിരഞ്ഞെടുത്ത് ഒരു വിഭാഗം പ്രവർത്തനം നടത്തുന്നതായി ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ യുവജനങ്ങളെ അവഗണിച്ചതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമാന്തര പ്രവർത്തനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു തവണയും സിപിഎമ്മിലെ തർക്കങ്ങളും വിമത സ്ഥാനാർത്ഥിയുണ്ടായതിനെയും തുടർന്ന് കോൺഗ്രസ് പിടിച്ചെടുത്ത വാർഡിലാണ് ഇക്കുറി തർക്കം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും വിജയിച്ച ഷീനാ ബിനു തന്നെയാണ് ഇക്കുറിയും വാർഡിലെ സ്ഥാനാർത്ഥി. ഇക്കുറി സിപിഎം തർക്കങ്ങളെല്ലാം പരിഹരിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നിന്നും ലയ പ്രശാന്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനിടെയാണ് ഇക്കുറി കോൺഗ്രസിൽ തർക്കങ്ങളും പ്രതിഷേധവും ഉടലെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ സുരേഷ് ബാബു മണ്ഡലം പ്രസിഡന്റായിരിക്കെയാണ് മധു നെല്ലിപ്പുഴയെ പ്രസിഡന്റാക്കി വാർഡ് കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ, നിലവിലുണ്ടായിരുന്ന കൗൺസിലറും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സമാന്തരമായി കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചതായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഇതേ തുടർന്ന് രണ്ടായി ഉമ്മൻചാണ്ടി അനുസ്മരണം നടത്തിയത് അടക്കം ചർച്ചയായി മാറിയിരുന്നു.
ഇതിനിടെയാണ് 24 ആം വാർഡിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. യൂത്ത് കോൺഗ്രസ് നേതാവ് വിനീതയുടെ പേര് അടക്കം സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് കൗൺസിലർ ഷീനാ ബിനു ആദ്യം തന്നെ പോസ്റ്റർ അടക്കം പതിച്ച് പ്രചാരണ രംഗത്ത് എത്തിയത്. ഇതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്നാണ് കോൺഗ്രസ് വാർഡ് പ്രസിഡന്റ് അടക്കമുള്ളവർ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രചാരണങ്ങളിൽ സജീവമായിട്ടില്ല. ഈ സാഹചര്യത്തിൽ മുതിർന്ന നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യമാണ് ശക്തമായിരിക്കുന്നത്.


