പാലായിലെ വനിതാ കോൺഗ്രസ് കൗൺസിലർക്ക് വല വീശി കേരള കോൺഗ്രസ് എം; ജനറൽ സീറ്റിൽ കോൺഗ്രസ് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കാൻ സമ്മതം അറിയിച്ചു എന്നും സൂചന; മായ രാഹുൽ കോൺഗ്രസ് വിടുമോ?

പാലാ മുനിസിപ്പാലിറ്റി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ അഭിമാന കേന്ദ്രമാണ്. കേരളത്തിൽ അവർ ഭരണം നയിക്കുന്ന ഏക മുനിസിപ്പാലിറ്റിയും പാലയാണ്. എന്നാൽ ഇത്തവണ പാലാ നഗരഭരണം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് കൈവിട്ടു പോകുവാനുള്ള സാധ്യതകൾ ശക്തമാണെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ യുഡിഎഫിന് ദുർബലപ്പെടുത്തുവാൻ കോൺഗ്രസ് പാളയത്തിൽ നിന്നുള്ള വനിതാ കൗൺസിലറെ അടർത്തിമാറ്റുവാനുള്ള ശ്രമങ്ങളും കേരള കോൺഗ്രസ് നടത്തുന്നുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

Advertisements

മുനിസിപ്പാലിറ്റിയിലെ പത്തൊമ്പതാം വാർഡ് കൗൺസിലർ മായ രാഹുലിനെ കൂടെ കൂട്ടുവാൻ ആണ് കേരള കോൺഗ്രസ് ശ്രമം. പത്തൊമ്പതാം വാർഡ് ജനറൽ ആയതിനാൽ ഇത്തവണ മുനിസിപ്പൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് കൗൺസിലറുമായ സതീഷ് ചൊള്ളാനിയാണ് ഈ വാർഡിൽ നിന്നും മത്സരിക്കാൻ സാധ്യത. എന്നാൽ മായ തന്നെ വാർഡിൽ തുടരുവാൻ ആഗ്രഹിക്കുന്നത് കോൺഗ്രസിനുള്ളിൽ തർക്കങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തൊമ്പതാം വാർഡിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇതുവരെ സ്ഥാനാർത്ഥിയെ കണ്ടെത്താത്തത് മായ തങ്ങളുടെ പക്ഷത്തേക്ക് എത്തുമെന്ന് പ്രതീക്ഷയിൽ ആണെന്നാണ് റിപ്പോർട്ട്. സ്വതന്ത്രയായി മത്സരിക്കാമെന്നും അപ്പോൾ മാണി ഗ്രൂപ്പ് പിന്തുണച്ചാൽ അത് സ്വീകരിക്കാമെന്നും മായ അറിയിച്ചതായി കേരള കോൺഗ്രസ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. മായയുടെ വീട്ടിലെത്തി കേരള കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയപ്പോഴാണ് ഈ നിർദ്ദേശം അവർ മുന്നോട്ട് വെച്ചതെന്നും കേരള കോൺഗ്രസുകാർ പറയുന്നുണ്ട്.

കാലാവധി തീരുന്നതിനാൽ വാർഡിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുവാനുള്ള യോഗം കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വീട്ടിൽ വിളിച്ചു ചേർത്തിരുന്നു. മത്സരിച്ചാൽ തന്റെ സാധ്യതകൾ എങ്ങനെയാണെന്ന് മനസ്സിലാക്കാനാണ് ഇത്തരം നീക്കം നടത്തിയതെന്നും പറയപ്പെടുന്നു. ഈ യോഗം യുഡിഎഫിനോടുള്ള വിടവാങ്ങൽ യോഗമായിരുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ഇപ്പോൾ കേരള കോൺഗ്രസിൻറെ പ്രാദേശിക നേതാക്കൾ ചെയ്യുന്നത്.

Hot Topics

Related Articles