ന്യൂയോർക്ക്:ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്ക് വിജയിച്ച സൊഹ്റാൻ മംദാനിക്ക് അഭിനന്ദനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് എം.എ. ബേബി മംദാനിക്ക് ആശംസകൾ അറിയിച്ചത്.“ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യൻ വേരുകളുള്ള ഒരാളെന്ന നിലയിൽ അങ്ങയുടെ വിജയം ഞങ്ങൾക്കൊരു അഭിമാന നിമിഷമാണ്. ജനക്ഷേമത്തിന് പ്രാമുഖ്യം നൽകുന്ന നയങ്ങൾക്ക് ട്രംപിന്റെ അമേരിക്ക ഈ വിജയത്തിലൂടെ സ്വീകാര്യത പ്രകടിപ്പിക്കുന്നു.
സാമ്രാജ്യത്വ, സൈനിക, വ്യാവസായിക, മാദ്ധ്യമ ശക്തികൾക്കെതിരെ നിങ്ങൾ ശബ്ദമുയർത്തുമ്പോൾ പുരോഗമന-ജനാധിപത്യ വിശ്വാസികളായ ഞങ്ങൾ നിങ്ങളോടും നിങ്ങളെ പ്രതിനിധീകരിക്കുന്ന ജനങ്ങളോടും ഒപ്പമുണ്ടാകും. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്ന ശക്തികൾക്കെതിരെ നമ്മുടെ ജനങ്ങൾ ഒരുമിച്ച് നിലകൊള്ളട്ടെ,” എം.എ. ബേബി തന്റെ പോസ്റ്റിൽ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കമ്മ്യൂണിസ്റ്റ്’ എന്ന് തന്നെ വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെയാണ് മംദാനിയുടെ ഈ വലിയ വിജയം. 34 കാരനായ മംദാനി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് മുൻ ഗവർണർ ആൻഡ്രൂ കുമോയെയും റിപ്പബ്ലിക്കൻ പാർട്ടിയുടെ കർട്ടിസ് സ്ലിവയെയും പിന്നിലാക്കി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.അമേരിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരത്തിന്റെ മേയർ സ്ഥാനം നേടിയത് മംദാനിയുടെ രാഷ്ട്രീയ വളർച്ചയിലെ ചരിത്രനിമിഷമായി കണക്കാക്കപ്പെടുന്നു. പ്രസിഡന്റായി രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ട്രംപിനും അദ്ദേഹത്തിന്റെ നയങ്ങൾക്കും നേരെയായാണ് ഈ വിജയം പ്രതിഫലിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


