പത്തനംതിട്ട:മുഖ്യമന്ത്രിയുടെ മകന്‍ ഇ.ഡി അയച്ച നോട്ടീസ് “ആകാശത്ത് പറന്ന് നടക്കുകയാണെന്ന്” കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ വിമർശിച്ചു. പത്തനംതിട്ടയിൽ നടന്ന ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം ജനങ്ങളുടെ മുന്നിൽ വിചാരണയിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. എസ്.ഐ.ടി പ്രതികളെ സംരക്ഷിക്കുന്നതും ചിലർക്ക് സല്യൂട്ട് ചെയ്യുന്നതുമാണ് ഇന്നത്തെ അവസ്ഥയെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണത്തെ മനപ്പൂർവം നീട്ടിക്കൊണ്ടിരിക്കുന്നതായും നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക് വ്യക്തമല്ലെന്നും കവർച്ച ചെയ്ത സ്വർണം വിറ്റ കാര്യം വ്യക്തമാക്കാത്തതായും സണ്ണി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങളിൽ നിന്ന് കേസിൽ “കൂടുതൽ ഉന്നതർ” ഉൾപ്പെട്ടിട്ടുണ്ടെന്നത് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ ഇ. പത്മകുമാറും വാസുവും ഇപ്പോൾ ജയിലിലാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു.പാർട്ടി നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണെന്നും കുറ്റവാളികൾക്ക് പാർട്ടിയുടെ രക്ഷാകവചം ഒരുക്കുന്നതായും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ജില്ലാ കമ്മിറ്റിയിൽ കൈയാങ്കളി നടത്തിയതും പാർട്ടിയെ വെല്ലുവിളിച്ച് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയതും ആയിരുന്ന പത്മകുമാറിനെതിരെയും ഇന്നുവരെ നടപടിയില്ല. ഇതാണ് സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്,” സണ്ണി വിമർശിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ മുൻനിർത്തി മുഖ്യമന്ത്രി ഇതിനകം തന്നെ പരാജയം സമ്മതിച്ചുവെന്ന് ഇന്നത്തെ വാർത്താ സമ്മേളനം വ്യക്തമായ അടയാളമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് “ചരിത്ര വിജയം” നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.


