മധ്യപ്രദേശ്: മധ്യപ്രദേശിൽ കഫ് സിറപ്പ് ദുരന്തം രൂക്ഷമാകുന്നു. കോൾഡ്രിഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് രണ്ടുകുട്ടികൾ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 21 ആയി ഉയർന്നു. ഇതിൽ ചിന്ദ്വാര ജില്ലയിൽ മാത്രം 18 കുട്ടികളാണ് മരിച്ചത്. ബേതൂൽ, പാണ്ഡുര്ണ തുടങ്ങിയ അയൽ ജില്ലകളിൽ മൂന്നു കുട്ടികൾ കൂടി മരിച്ചതായി റിപ്പോർട്ട്.സംഭവത്തിൽ കഫ് സിറപ്പ് നിർമ്മിച്ച ശ്രേസൻ ഫാർമയുടെ ഉടമ രംഗനാഥനെ മധ്യപ്രദേശ് പൊലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മരണശേഷം രംഗനാഥനും കുടുംബവും ഒളിവിലായിരിക്കുകയായിരുന്നു. തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നാഗ്പുരിൽ ചികിത്സയിലായിരുന്ന അഞ്ചു കുട്ടികളിൽ ചിലരുടെ നില ഗുരുതരമാണ്. അതേസമയം, രോഗബാധിതരിലൊരാളായ ഒരു വയസ്സുകാരൻ പ്രതീക് പവാർ രോഗമുക്തനായതായി ആശുപത്രി അധികൃതർ അറിയിച്ചു.ശ്രേസൻ ഫാർമയുടെ കാഞ്ചീപുരം യൂണിറ്റുകളിൽ എസ്ഐടി സംഘം പരിശോധന തുടരുകയാണ്. സിറപ്പിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഈ രാസവസ്തു അതീവ വിഷമുള്ളതാണെന്നും വിദഗ്ധർ വ്യക്തമാക്കി.കോൾഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.


