കോട്ടയം : കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണം കേരളത്തിൽ ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ തകർച്ച നേരിട്ടതായി അഡ്വ മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു. ഇടതുപക്ഷ സർക്കാരിന്റെ ആദ്യത്തെ അഞ്ചുവർഷം ദുരിതമായിരുന്നുവെങ്കിൽ പിന്നീടുള്ള അഞ്ചുവർഷം ആരോഗ്യ മേഖലയിൽ ദുരന്തമായിരുന്നു. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭ്യമാകുവാൻ സാധിക്കാത്ത രീതിയിൽ ആരോഗ്യ മേഖലയെ തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇടതുപക്ഷ സർക്കാരിൽ നിക്ഷിപ്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറെ നാളുകളായി ആരോഗ്യ മേഖലയിൽ ചികിത്സ പിഴവുകൾ തന്നെയാണ് സംഭവിക്കുന്നത്. അതുമൂലം സർക്കാർ ആശുപത്രിയിലെ ചികിത്സയിലൂടെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ആണ് കേരളത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ആരോഗ്യ മേഖല ഇപ്പോൾ വെന്റിലേറ്ററിൽ ആണെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമ്പോൾ ആരോഗ്യ മേഖലയെ വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ച മാർച്ചും ധർണ്ണസമരവും പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പാർട്ടി നേതാക്കളായ കുര്യാക്കോസ് പടവൻ,മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, മാത്തുക്കുട്ടി പ്ലാത്താനം,ബിനു ചെങ്ങളം, സന്തോഷ് കാവുകാട്ട്,ജോർജ് പുളിങ്കാട്, മജു പുളിക്കൻ, ജോസ് മോൻ മുണ്ടക്കൻ, വി ജെ ലാലി സി വി തോമസുകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.
മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ചിന് വിനു ജോബ് മൈക്കിൾ ജെയിംസ്, സാബു പ്ലാത്തോട്ടം, ജെയിംസ് കുര്യൻ, ജോയ് ചെട്ടിശ്ശേരി, ശരണ്യ ശശിധരൻ, സാബു പീടിയേക്കൽ, തങ്കച്ചൻ മണ്ണുശേരി,ജോസ് വഞ്ചിപുര, പിടി ജോസ് പാരിപ്പള്ളി, ടി വി സോണി, വർഗീസ് വാരിക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.


