‘മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി; ശബരിമലയിലെ ‘മുറി’ മാഫിയയെ പൂട്ടാൻ കർശന നടപടി’; ക്രമീകരണങ്ങൾ പൂർത്തിയായതായി കെ ജയകുമാർ 

തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്കിന് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. മകരവിളക്ക് കാലത്ത് മുറികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയകളെ തടയാൻ ഇത്തവണ കർശന നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മുറികൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കും. തിരിച്ചറിയൽ രേഖകൾ നൽകി മാത്രമേ മുറികൾ ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ദർശന പാസുകളുടെ കാര്യത്തിലും ഇത്തവണ കർശന നിയന്ത്രണമുണ്ടാകും. പാസുകൾ കൈമാറ്റം ചെയ്യുന്നത് തടയാൻ ഫോട്ടോ പതിപ്പിച്ച പാസുകളായിരിക്കും തിരുമുറ്റത്തെ ദർശനത്തിനായി നൽകുകയെന്നും കെ ജയകുമാർ വിവരിച്ചു.

Advertisements

ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ബോർഡ് തീരുമാനിച്ചതായി പ്രസിഡന്‍റ് അറിയിച്ചു. പമ്പയെ ശബരിമലയുടെ പ്രവേശന കവാടം എന്ന നിലയിൽ കൂടുതൽ മനോഹരമാക്കും. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്താനാണ് ശ്രമിക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തിരുമുറ്റത്തെ സ്ഥലപരിമിതി പരിഹരിക്കാൻ ചില വികസന പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികൾ മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികസന പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്നും ഫണ്ട് കണ്ടെത്തുന്നതിനൊപ്പം സ്പോൺസർമാരിൽ നിന്നും സുതാര്യമായ രീതിയിൽ പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. പമ്പാ വികസനം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞതായും ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് മുൻഗണനയെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ മകരവിളക്ക് തീർത്ഥാടനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങളും കൂടുതൽ ശക്തമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി.

Hot Topics

Related Articles