ന്യൂഡൽഹി:ഡൽഹിയിലെ ലക്ഷ്മി നഗറിൽ അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന യശ്ബീർ സിംഗ് (25) ആണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ അമ്മ കവിത (46), സഹോദരി മേഘ്ന (24), സഹോദരൻ മുകുള്‍ (14) എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യശ്ബീർ ലക്ഷ്മി നഗർ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. പൊലീസ് പ്രതിയുടെ വീട്ടിലെത്തിയപ്പോൾ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി.യമുനാ തീരത്ത് നിന്ന് ശേഖരിച്ച ഉമ്മത്തിന്റെ വിത്തുകൾ മാവിലും പഞ്ചസാരയിലും കലർത്തി ലഡു തയ്യാറാക്കി കുടുംബാംഗങ്ങൾക്ക് നൽകിയതായാണ് പൊലീസ് പറയുന്നത്. ലഡു കഴിച്ചതിന് പിന്നാലെ ബോധരഹിതരായ മൂവരെയും മഫ്ളർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും 2നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ആറുമാസമായി തൊഴിൽരഹിതനായിരുന്ന യശ്ബീർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഭാര്യയുമായി പിരിഞ്ഞ ഇയാളുടെ പിതാവ് ഹരിയാനയിലാണ് താമസം. തന്റെ പേരിൽ 1.5 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ടായിരുന്നുവെന്നും, കഴിഞ്ഞ രണ്ട് മാസത്തിനിടെ 45 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പ്രതി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.തർക്കത്തിനിടെ ‘നീ മരിക്കണമെങ്കിൽ ആദ്യം കുടുംബത്തെ കൊല്ലൂ’ എന്ന് അമ്മ പറഞ്ഞതാണു തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ ഈ മൊഴികൾ പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.കൊല്ലപ്പെട്ടവർ ദൈവവിശ്വാസികളായിരുന്നുവെന്നും, ദിവസവും സമീപ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു.


