മലയാള സിനിമയില്‍ പല പരീക്ഷണങ്ങളും വിജയകരമായി നടത്തിയിട്ടുള്ള സംവിധായകനാണ് വിനയന്. ടെക്നോളജി അത്രത്തോളം വികസിച്ചിട്ടില്ലാത്ത കാലത്തും തന്റെ ഭാവനയ്ക്ക് അദ്ദേഹം അതിരുകള്‍ നല്‍കിയില്ല. അതിന്റെ ഫലമായി വേറിട്ട പല സിനിമകളും മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ചു. അതിലൊന്നായിരുന്നു അത്ഭുത ദ്വീപ്. പൊക്കം കുറഞ്ഞ മനുഷ്യര്‍ വസിക്കുന്ന ഒരു ദ്വീപിന്റെ കഥ പറഞ്ഞ ഫാന്റസി സര്‍വൈവല്‍ ചിത്രം 2005 ലാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ അതില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്, എന്നാല്‍ ഇപ്പോള്‍ നമുക്കൊപ്പമില്ലാത്ത രണ്ട് അഭിനേതാക്കളെക്കുറിച്ച് പറയുകയാണ് അദ്ദേഹം. നടി കല്പനയെക്കുറിച്ചും നടന് സാജന് സാഗരയെയും കുറിച്ചാണ് വിനയന് ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്.
വിനയന്റെ വാക്കുകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്ഭുതദ്വീപിലെ കൊട്ടാരം മേക്കപ്പ്മാന് ഇട്ടുണ്ണാനും പരിചാരിക മല്ലികയും. സാജൻ സാഗരയും കല്പനയും മറക്കാൻ പറ്റാത്ത ഓർമ്മകളായി നിലനില്ക്കുന്നു. അത്ഭുതദ്വീപ് റിലീസായി നാല് മാസങ്ങള്‍ക്കു ശേഷം ഒരു സ്റ്റേജ് പ്രോഗ്രാമിനായി റിഹേഴ്സല്‍ ചെയ്യുമ്പോള്‍ ബെഞ്ചില്‍ നിന്നു താഴെ വീണാണ് സാജന്റെ മരണം സംഭവിക്കുന്നത്. ഞാനിനി ഒരു കലക്ക് കലക്കും സാറെ. തനിക്കിപ്പോള്‍ നിറയെ ഫാൻസുണ്ട് പ്രോഗ്രാംസും വരുന്നുണ്ട്, എന്നൊക്കെ എന്നോട് സാജൻ പറഞ്ഞിരുന്നു. പക്ഷെ മരണം ആ കുഞ്ഞു മനുഷ്യന് സമയം നല്‍കിയില്ല. വിധിയെ നിയന്ത്രിക്കാൻ നമുക്കാകില്ലല്ലോ? കല്‍പ്പന എന്റെ പത്ത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അത്ഭുതദ്വീപ് പോലെ വെള്ളി നക്ഷത്രത്തിലും ആകാശഗംഗയിലും ഒക്കെ കല്പ്പനയുടെ വേഷങ്ങള്‍ തിയറ്ററുകളില്‍ വലിയ ചിരി പടർത്തിയിരുന്നു. മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ആ വലിയ കലാകാരി 2016 ജനുവരിയിലാണ് നമ്മെ വിട്ടു പിരിഞ്ഞത്.
അതേസമയം താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തെക്കുറിച്ചുള്ള സൂചന വിനയന് അടുത്തിടെ നല്‍കിയിരുന്നു. ഒരു ത്രില്ലിംഗ് ഫാന്റസി സ്റ്റോറിയായിരിക്കും ചിത്രമെന്നും ടൈറ്റില്‍ ലോഞ്ച് എറണാകുളത്ത് വച്ച് അടുത്തുതന്നെ ഉണ്ടാവുമെന്നുമാണ് വിനയന് അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും ആ ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും വിനയന് അറിയിച്ചിട്ടുണ്ട്.


