ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ഇടവേളക്ക് ശേഷം കുക്കി – നാഗാ സംഘർഷം രൂക്ഷമാകുന്നുവെന്നാണ് മണിപ്പൂരിൽ നിന്നുള്ള റിപ്പോർട്ട്. കുക്കി എം എൽ എമാർ പുതുതായി രൂപികരിച്ച സർക്കാരിന്റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുന്നതാണ് പുതിയ സംഘർഷത്തിന്റെ കാരണം. ഏറ്റവും ഒടുവിൽ ഉഖ്രുൽ മേഖലയിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. അതേസമയം കുക്കി – നാഗാ വിഭാഗങ്ങൾ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സർക്കാരും സുരക്ഷാസേനയും. കഴിഞ്ഞ ദിവസങ്ങൾ ചുരചന്ദ്പൂരിൽ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. പുതിയ സർക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രിയടക്കം കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധത്തിനാണ് വിവിധ സംഘടനകളുടെ ആഹ്വാനം.
കുക്കി എം എൽ എമാർത്ത് ഊര് വിലക്ക്
അതേസമയം കുക്കി എം എൽ എമാരെ കുക്കി സംഘടനകൾ ഊര് വിലക്കിയിട്ടുണ്ട്. ജനകീയ സർക്കാരിന്റെ ഭാഗമായ കുക്കി എം എൽ എമാരെയാണ് വിലക്കിയത്. ജനകീയ സർക്കാരിനുള്ള പിന്തുണ പിൻവലിക്കും വരെ വിലക്ക് ബാധകമാണ്. നിലവിൽ ഉപമുഖ്യമന്ത്രി നെംച കിപ്ജെൻ അടക്കം കുക്കി എം എൽ എമാർ മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട്. ജനകീയ സർക്കാർ രൂപീകരണത്തിൽ കുക്കികളിലെ ഒരുവിഭാഗമാണ് കടുത്ത പ്രതിഷേധം ഉയർത്തുന്നത്. പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുക്കികളിലെ വലിയൊരു വിഭാഗം. എന്നാൽ സംസ്ഥാനത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നാണ് മെയ്തെയ് സംഘടനകൾ ആവർത്തിക്കുന്നത്.
പുതിയ സർക്കാരിന് വലിയ വെല്ലുവിളി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിൽ ഈ മാസം നാലിനാണ് പുതിയ സർക്കാർ അധികാരമേറ്റത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിംഗാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്ജെന് ആണ് ഉപമുഖ്യമന്ത്രി. നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ വീണ്ടും സംഘർഷം രൂക്ഷമാകുന്നത് പുതിയ സർക്കാരിനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.


