തിരുവനന്തപുരം: താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്തകളെ തള്ളി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. അത്തരത്തിലുള്ള ചർച്ചയൊന്നും നടന്നിട്ടില്ലെന്നും, ഇപ്പോഴും തിരുവനന്തപുരത്ത് നിറവേറ്റേണ്ട നിരവധി ചുമതലകൾ അവശേഷിക്കുന്നുവെന്നുമാണ് മേയറുടെ പ്രതികരണം.കോഴിക്കോട്ടെ ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവിന്റെ ജീവിതപങ്കാളിയായ ആര്യ രാജേന്ദ്രൻ, താമസം മാറ്റാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. എന്നാൽ, ആ വിവരങ്ങൾ തെറ്റാണെന്ന് അവര് വ്യക്തമാക്കിയിട്ടുണ്ട്.മേയറുടെ കാലാവധി ഡിസംബർ 20 വരെയാണ്. അതുവരെ താൻ തികഞ്ഞ ഉത്തരവാദിത്വത്തോടെ ചുമതലകൾ നിർവഹിക്കുമെന്നും മേയർ വ്യക്തമാക്കി.
കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതിനെക്കുറിച്ചും അവർ പ്രതികരിച്ചു. “ഒരു ഇടതുപക്ഷ പ്രവർത്തകയ്ക്ക് പൊതുസമൂഹത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുകയാണ് പ്രാധാന്യം. അതിനായി പ്രത്യേക പദവി അല്ലെങ്കിൽ സ്ഥാനമാനങ്ങൾ ആവശ്യമില്ല. പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും മനസുകൊണ്ട് നിർവഹിക്കുക മാത്രമേ ലക്ഷ്യമായിട്ടുള്ളൂ,” എന്നായിരുന്നു ആര്യയുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്ത് മേയർ പദവിയിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവുമാണ് ആര്യ രാജേന്ദ്രനെ വിശേഷിപ്പിക്കുന്നത്. 2020-ൽ വെറും 21-ാം വയസ്സിലാണ് അവർ തിരുവനന്തപുരം മേയറായത്. 2022 സെപ്റ്റംബറിൽ എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി സച്ചിൻദേവിനെയാണ് ആര്യ വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്.


