“മണിമലയാറിൻ്റെ ഉത്ഭവസ്ഥാനത്തേക്ക്ഒരു പഠനയാത്ര”ഏപ്രിൽ 16-17 തീയതികളിൽ

കോട്ടയം : പെരുമ്പ്രനാട് പ്രാദേശികചരിത്ര പഠനസമിതിയുടെ ആഭിമുഖ്യത്തിൽ മണിമല നദീതട പൈതൃകപദ്ധതിയുടെ ഭാഗമായി മണിമലയാറിൻ്റെ ഉത്ഭവസ്ഥാനങ്ങളിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിക്കുന്നു ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെ 8.30 ന് മല്ലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് 17 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ തിരികെ എത്തുന്ന വിധമാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.

Advertisements

പരമാവധി നദിയുടെ തീരം ചേർന്നുള്ള റോഡുകളിലൂടെ പ്രവാഹഗതിക്ക് എതിരെ മുകളിലേക്ക് സഞ്ചരിച്ച് ജൈവ വൈവിധ്യവും പൈതൃക പ്രാധാന്യവുമുള്ള കാവുകൾ, ആദിമ മനുഷ്യവാസത്തിൻ്റെ അടയാളപ്പെടുത്തലുകൾ, ഗോത്രാരാധനാ സങ്കേതങ്ങൾ, ആരാധനാലയങ്ങൾ,
അങ്ങാടികൾ, കളരികൾ, നദിയുടെ ഉത്ഭവസ്ഥാനത്തെ ഉറവകൾ, നീർച്ചാലുകൾ എന്നിവിടങ്ങൾ സന്ദർശിച്ച് നദീതടത്തിൻ്റെ സംസ്കാരികതയും ചരിത്രവും ഭൂമിശാസ്ത്രവും പരിസ്ഥിതിയും മനസിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മല്ലപ്പള്ളിയിൽനിന്ന് പുറപ്പെട്ട് വായ്പൂര്, പുളിയ്ക്കാമല ഗോത്രാരാധാകേന്ദ്രം, കുളത്തൂർമൂഴി എന്നിവിടങ്ങൾ പിന്നിട്ട് കോട്ടാങ്ങലിലെത്തി മണിമലയാറിൻ്റെ “കാവൽപോരാളി”യായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഗോപിനാഥപിള്ളയെ വീട്ടിലെത്തി സന്ദർശിക്കും. തുടർന്ന് വെള്ളാവൂർ, മണിമല എന്നിവിടങ്ങൾ പിന്നിട്ട് ചേനപ്പാടിയിലെത്തി തലപ്പാറക്കോട്ട, മറ്റയ്ക്കാട്ടുകളരി, ഭഗവതി ക്ഷേത്രം, അഞ്ചുകുഴി പഞ്ചതീർത്ഥം വെള്ളച്ചാട്ടം എന്നിവിടങ്ങൾ നേരിൽ കാണും. എരുമേലിയിലെ വാവർപള്ളിയും ധർമ്മശാസ്താക്ഷേത്രവും തലപ്പാറമലയും കണ്ടശേഷം ഡച്ചുരേഖകളിൽ എരുമേലൂർ എന്നു വിശേഷിപ്പിക്കുന്ന ഏരുമേലി അങ്ങാടി നിലനിന്നിരുന്ന കൊരട്ടി പ്രദേശം സന്ദർശിക്കും. തുടർന്ന് പേരൂർതോട് സംഗമവും കണ്ട് മുണ്ടക്കയത്തേക്ക് തിരിക്കും.
മണിമലയാറിൻ്റെ തെക്കുകിഴക്കൻ കൈവഴികളുടെ ഉത്ഭവസ്ഥാനമായ പാഞ്ചാലിമേട്ടിലെ ഗോത്രാ രാധാനാ സങ്കേതങ്ങൾ കണ്ടതിനു ശേഷം കുട്ടിക്കാനത്തെത്തും. മണിമലയാറിൻ്റെയും മീനച്ചിലാറിൻ്റെയും പ്രധാന ഉത്ഭവസ്ഥാനമായ അമൃതമേട്ടിലെത്തി മദാമ്മക്കുളം, ഉപ്പുകുളം എന്നിവയും അതിലേക്കു ചേരുന്ന നീർച്ചാലുകളും ജൈവവൈവിധ്യങ്ങളും കണ്ടു മനസിലാക്കും. കോലാഹലമേട്ടിലെത്തി ഏന്തയാറിൻ്റെ ഉത്ഭവസ്ഥാനം താഴെയായി കാണും.

വൈകിട്ട് 6 മണിയോടെ വാഗമണ്ണിലെ വഴിക്കടവിലുള്ള മിത്രാനികേതനിലെത്തി വിശ്രമിക്കും. യാത്രാനുഭവങ്ങളും പൈതൃകവിശേഷങ്ങളും പങ്കുവച്ച് സായാഹ്നം ചെലവഴിക്കും. ലാറി ബേക്കർ പണികഴിപ്പിച്ച മിത്രാ നികേതൻ്റെ ഭൂതകാലസ്മൃതികൾ കേട്ടറിഞ്ഞ് അവിടെ താമസിക്കും. വെള്ളിയാഴ്ച രാവിലെ 8.30 ന് അവിടെ നിന്നും പുറപ്പെട്ട് തീക്കോയ്, പൂഞ്ഞാർ, കൈപ്പള്ളി എന്നിവിടങ്ങൾ പിന്നിട്ട് ഇളംകാട് ടോപ്പിലെത്തി മദാമ്മക്കുളം, ഉപ്പുകുളം എന്നിവിടങ്ങളിൽ നിന്നുള്ള കൈവഴികൾ ഏന്തയാറിൽ സംഗമിക്കുന്നതു കണ്ടതിനു ശേഷം ഏന്തയാർ, പിന്നിട്ട് വെംബ്ലിയിൽ പാപ്പാനിത്തോടും കൂട്ടിക്കലിൽ കൊക്കയാറും സംഗമിച്ച് പുല്ലകയാറാകുന്നതു കണ്ട് മുണ്ടക്കയത്ത് തിരിച്ചെത്തും.

തുടർന്ന് കാഞ്ഞിരപ്പള്ളിയിലെത്തി ചിറ്റാറിൻ്റെ തീരത്തെ കാഞ്ഞിരപ്പള്ളിയങ്ങാടിയും വലിയപള്ളിയും ഗണപതിക്ഷേത്രവും സന്ദർശിച്ച ശേഷം ചിറ്റാറിൻ്റെ തീരത്തുകൂടി സഞ്ചരിച്ച് ചിറ്റാർ മണിമലയാറ്റിൽ ചേരുന്ന ചേനപ്പാടി ഇളംകാവിന് സമീപമെത്തിയ ശേഷം മടക്കയാത്ര ആരംഭിക്കും. വൈകുന്നേരം നാലുമണിയോടെ മല്ലപ്പള്ളിയിൽ തിരികെയെത്തും.

26 പേരെയാണ് യാത്രാസംഘത്തിൽ ഉൾപ്പെടുത്തുന്നത്. എസി ട്രാവലറിലാണ് യാത്ര. ഒരാളിൽ നിന്ന് 1500 രൂപയാണ് യാത്രാച്ചെലവായി ഈടാക്കുന്നത്. 16ന് വൈകിട്ടും 17 രാവിലെയുമുള്ള ഭക്ഷണം ഉൾപ്പെടെയാണിത്. മറ്റു സമയങ്ങളിലെ ഭക്ഷണം ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയിലാണ്. പഠനയാത്രയായതിനാൽ വിനോദ സഞ്ചാരപ്രാധാന്യമുള്ള ഇടങ്ങൾ ഒഴിവാക്കേണ്ടിവരും. മിത്രാനികേതനിലെ സാമാന്യം ഭേദപ്പെട്ട താമസസൗകര്യങ്ങൾ ലഭ്യമാക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പമുള്ള ഗൂഗിൾഫോം പൂരിപ്പിച്ച് എത്രയും പെട്ടെന്ന് സീറ്റ് ഉറപ്പാക്കുക. യാത്രയ്ക്കായി രജിസ്റ്റർ ചെയ്ത ശേഷം മറ്റെന്തെങ്കിലും അസൗകര്യമുണ്ടായി യാത്രയിൽനിന്ന് പിൻമാറണം എന്നുണ്ടെങ്കിൽ ഏപ്രിൽ 12ന് മുമ്പായി യാത്രാ ക്യാപ്റ്റനായ മനീഷ് കുഴിവേലിയെ 9037470750 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചിരിക്കണം. അതിനു ശേഷം പിൻമാറിയാൽ അടച്ച തുക തിരികെ ലഭിക്കുന്നതല്ല.
മണിമലയാറിനെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംഘാംഗങ്ങളുടെ വിവിധ മേഖലയിലുള്ള അറിവുകളും നിരീക്ഷണങ്ങളും അനുഭവങ്ങളും ഈ പഠനത്തിൻ്റെ ഭാഗമായി രേഖപ്പെടുത്തി സൂക്ഷിക്കും.

ഗൂഗിൾ ഫോം :
https://forms.gle/2PA4FoN4nLHoAgc57

Hot Topics

Related Articles