ബെംഗളൂരു :അമ്മയുടെ കണ്ണുതെറ്റിയപ്പോൾ അഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയനഗറിൽ താമസിക്കുന്ന അസ്മ ഭാനുവിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.അറസ്റ്റിലായത് ബെംഗളൂരു സ്വദേശിനിയായ റാഫിയയെയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയുമാണ്. ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
അമ്മയും കുഞ്ഞും ചികിത്സയിലിരിക്കെ റാഫിയയും കൂട്ടുകാരിയും അസ്മ ഭാനുവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. തുടർന്ന് അമ്മയുടെ ശ്രദ്ധ തെറ്റിയ സമയത്ത് കുഞ്ഞിനെ എടുത്ത് ആശുപത്രിയിൽ നിന്ന് പുറത്തേക്കോടാനായിരുന്നു ശ്രമം.സംഭവം ശ്രദ്ധിച്ച അസ്മ ഭാനുവിന്റെ സഹോദരി സിമ്രാൻ റാഫിയയെ പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. സിമ്രാന്റെ താത്പര്യശീലമായ നീക്കമാണ് കുഞ്ഞിനെ സുരക്ഷിതമായി തിരിച്ചുപിടിക്കാൻ കാരണമായത്.ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. കുഞ്ഞും അമ്മയും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.


