ഒരേ നമ്പരിൽ ടാക്സിയായി രണ്ട് ഇന്നോവ വാഹനങ്ങൾ; കോട്ടയം പാമ്പാടി മീനടത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ വാഹനം പിടിച്ചെടുത്തു; പിടികൂടിയത് കേരളീയം ടാക്സി ഡ്രൈവേഴ്സ് യൂണിയൻ്റെ പരാതിയിൽ 

കോട്ടയം: ഒരേ നമ്പർ ഉപയോഗിച്ച് രണ്ട് ഇന്നോവ വാഹനങ്ങൾ ടാക്സിയായും പ്രൈവറ്റായും സർവീസ് നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി രണ്ട് വാഹനങ്ങളും പിടിച്ചെടുത്തത്. 

Advertisements

KL43A1883 എന്ന നമ്പർ ഉപയോഗിച്ച് രണ്ട് ഇന്നോവ വാഹനങ്ങൾ ടാക്സിയായും പ്രൈവറ്റായും ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ആർ.ടി.ഒ കെ.ഷിബുവിൻ്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെൻ്റ് വിഭാഗം നിരീക്ഷണം നടത്തി വരികയായിരുന്നു. ദിവസങ്ങളോളമായി ഈ രണ്ട് വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇതേ തുടർന്ന് മാർച്ച് ആറ് വെള്ളിയാഴ്ച  വൈകിട്ട് 7.45 നോട് കൂടി വാഹനങ്ങൾ പാമ്പാടി മീനടം ഭാഗത്ത് കണ്ടെത്തി. തുടർന്ന്, എൻഫോഴ്സ്മെൻ്റ് ആർടിഒ കെ. ഷിബുവിൻ്റെ നിർദേശ പ്രകാരം  എം വി ഐ രഞ്ജിത്ത് കുമാർ കെ, എം വി ഐ മാരായ ധനുമോൻ ജോസഫ് ബെറിൾ എ ഇസെഡ് എന്നിവർ അടങ്ങുന്ന  സംഘം പരിശോധന നടത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു.  തുടർന്നും വാഹന നിയമലംഘനങ്ങൾക്ക് കർശനമായ നടപടി സ്വീകരിക്കണമെന്ന് ആർടിഒ അറിയിച്ചു.വാഹനം തുടർനടപടികൾക്കായി പാമ്പാടി പോലീസ്  കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്

Hot Topics

Related Articles