കോവളം (തിരുവനന്തപുരം): നെടുമത്ത് വീടിന്റെ ടെറസില്‍ അഴുകിയനിലയില്‍ 62-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.നെടുമം ആല്‍ത്തറ സ്വദേശി രാജേന്ദ്രന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ നെടുമം വെള്ളാര്‍വാര്‍ഡില്‍ രാജീവി(42)നെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. രാജീവിന് രാജേന്ദ്രനോടുള്ള വൈരാഗ്യവും പ്രതിയുടെ അമ്മയെ രാജേന്ദ്രന്‍ ഉപദ്രവിച്ചതിന്റെ പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 17-നാണ് രാജേന്ദ്രനെ സഹോദരിയുടെ വീടിന്റെ ടെറസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് മുകളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് ടെറസില്‍ അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രാജേന്ദ്രന്റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസ്റ്റ്‌മോര്‍ട്ടത്തില്‍ രാജേന്ദ്രന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കഴുത്തില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് രാജീവിനെയും രാജേന്ദ്രന്റെ സഹോദരിയെയും മറ്റുബന്ധുക്കളെയും പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ഇവരില്‍ രാജീവിനെ മാത്രം പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇയാള്‍ കുറ്റംസമ്മതിച്ചതെന്നും ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അമ്മയെ ഉപദ്രവിച്ചതിന്റെ പക…
സെപ്റ്റംബര്‍ 14-ന് അര്‍ധരാത്രിയോടെയാണ് പ്രതി രാജേന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. രാജീവിന്റെ അമ്മ ഓമനയ്ക്ക് വീട്ടില്‍ അനധികൃത മദ്യക്കച്ചവടമുണ്ട്. 14-ന് രാത്രി ഏഴരയോടെ രാജേന്ദ്രന്‍ ഓമനയുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്കത്തിനിടെ രാജേന്ദ്രന്‍ ഓമനയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ചു. പിന്നാലെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. രാജേന്ദ്രന്‍ വീട്ടില്‍നിന്ന് പോകുമ്ബോഴാണ് രാജീവന്‍ സ്ഥലത്തെത്തുന്നത്. സംഭവമറിഞ്ഞതോടെ ഇയാള്‍ക്ക് പകയായി. തുടര്‍ന്ന് അര്‍ധരാത്രിയോടെ രാജേന്ദ്രനെ തിരഞ്ഞിറങ്ങി.
രാത്രി 11.30-ഓടെ രാജേന്ദ്രന്‍ സഹോദരിയുടെ വീടിന്റെ ടെറസിലുണ്ടെന്നറിഞ്ഞ് പ്രതി ഇവിടെയെത്തി. തുടര്‍ന്ന് ഇയാളുമായി വഴക്കിടുകയും മര്‍ദിക്കുകയുംചെയ്തു. രാജേന്ദ്രനെ തറയില്‍ തള്ളിയിട്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. മരണവെപ്രാളത്തില്‍ രാജേന്ദ്രന്റെ നഖംകൊണ്ട് പ്രതിയുടെ ദേഹത്ത് പോറലേറ്റിരുന്നു. രാജേന്ദ്രന്‍ അബോധാവസ്ഥയിലായതോടെ രാജീവ് അവിടെനിന്നും കടഞ്ഞുകളഞ്ഞു. തുടര്‍ന്ന് സെപ്റ്റംബര്‍ 17-നാണ് രാജേന്ദ്രന്റെ മരണവിവരം പുറത്തറിയുന്നത്.
പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതി നാട്ടില്‍നിന്നും ശബരിമലയ്ക്ക് പോയി. ഇവിടെനിന്ന് തിരിച്ചെത്തിയശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ശരീരത്തിലെ പോറലുകളെക്കുറിച്ചും മുറിവുകളെക്കുറിച്ചും ചോദിച്ചതോടെ പ്രതി പരുങ്ങി. തുടര്‍ന്ന് ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
എസ്.എച്ച്.ഒ. വി. ജയപ്രകാശ്, എസ്.ഐ.മാരായ ഡിപിന്‍, അനില്‍കുമാര്‍, സജിത്, എ.എസ്.ഐ. മാരായ ബിജു.ആര്‍.നായര്‍, വനിതാ എ.എസ്.ഐ. മാരായ സിബി, മൈന, എസ്.സി.പി.ഒ. സെല്‍വദാസ്, അനുരാജ്, കൃഷ്ണകുമാര്‍, ശ്യാം, രാഖി എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കിളളിപ്പാലത്തുളള ഹോട്ടലില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാചക തൊഴിലാളിയായിരുന്നു മരിച്ച രാജേന്ദ്രന്‍. ഏകമകന്‍ രാഹുല്‍.

