ബാലുശ്ശേരി :17 വയസുകാരി പ്രസവിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടി. പീഡനത്തിന് ഇരയാക്കിയ ആൾ മരിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി. മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും അതിന്റെ സത്യാവസ്ഥ സംബന്ധിച്ച് സംശയം നീക്കാൻ അന്വേഷണം തുടരുകയാണ്.യഥാർത്ഥ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി ശരിയാണോ, പ്രതി മരിച്ചെന്ന അവകാശവാദം യാഥാർത്ഥ്യമാണോ എന്നൊക്കെ പരിശോധിക്കുന്നതിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിയുടെ മരണം സംഭവിച്ച സാഹചര്യവും സമയവും വ്യക്തമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
പീഡനം നടന്ന സമയത്തെയും സ്ഥലത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി അന്വേഷണസംഘം പെൺകുട്ടിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങിയിട്ടുണ്ട്.അതേസമയം, പെൺകുട്ടിയും പ്രസവിച്ച കുഞ്ഞും ഉൾപ്പെടുന്ന കുടുംബം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് ഒഴിഞ്ഞിരുന്നു .തുടർന്ന്, ഇവർ ദിവസങ്ങളോളം ഒരു ഗുഡ്സ് ഓട്ടോയിലായിരുന്നു കഴിഞ്ഞിരുന്നത്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, പെൺകുട്ടിയെയും കുഞ്ഞിനെയും സുരക്ഷിതമായി പാർപ്പിക്കുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.


