ഓഡിറ്റ് റിപ്പോർട്ട് പുറത്ത്:വൈക്കം മഹാദേവക്ഷേത്രത്തിൽ 255 ഗ്രാം സ്വർണം കാണാതായി; വെളിപ്പെടുത്തലിന് പിന്നാലെ, ദേവസ്വം ബോർഡിൻ്റെ മൗനം വിവാദമാകുന്നു

വൈക്കം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിലെ 255 ഗ്രാം സ്വർണം കാണാതായതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തി. 2020–21 സാമ്പത്തിക വർഷത്തെ തിരുവാഭരണ രജിസ്റ്റർ പരിശോധിക്കുമ്പോഴാണ് സ്വർണത്തിന്റെ കുറവ് കണ്ടെത്തിയത്.സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ദേവസ്വം വിഭാഗം കഴിഞ്ഞ വർഷം മാർച്ചിലാണ് പരിശോധന പൂർത്തിയാക്കിയത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 199 സ്വർണ ഉരുപ്പടികൾ പരിശോധിച്ചപ്പോൾ 2992 ഗ്രാം സ്വർണം മാത്രമാണ് കണ്ടെത്താനായത്. രേഖകൾ പ്രകാരം ഇതിൽ 255 ഗ്രാം സ്വർണം കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertisements

കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും നൽകിയിട്ടില്ല. ഓഡിറ്റ് വകുപ്പ് നേരത്തേ തന്നെ ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് മറുപടി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണമാണ് കാണാതായത്. ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ ക്ഷേത്രത്തിലെ സ്വർണത്തിന്റെ കണക്ക് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന അഭിപ്രായമാണ് ഉന്നയിക്കപ്പെടുന്നത്.

Hot Topics

Related Articles