കൊച്ചി :നഗരത്തില്‍ കരാർ ബസുകൾ നിയമം മറികടന്ന് സർവീസ് നടത്തിയതിന് ആർടിഒ നടപടി സ്വീകരിച്ചു. താൽകാലിക രജിസ്ട്രേഷൻ നമ്പർ വ്യക്തമായി രേഖപ്പെടുത്താത്തതിനാലാണ് നടപടി. കൊച്ചി റിഫൈനറിയിലെ ജീവനക്കാരെ കൊണ്ടുപോകാനും തിരികെ എത്തിക്കാനും കരാറുകാർ ഉപയോഗിച്ചിരുന്ന ഏഴ് ബസുകളാണ് പിടിയിലായത്.സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വിവരം അറിയിച്ചു. തുടർന്ന് ആർടിഒ എൻഫോഴ്സ്മെന്റ് സംഘം റിഫൈനറി ഗേറ്റിലെത്തി സർവീസ് തടഞ്ഞു. അതിസുരക്ഷാ മേഖലയായ റിഫൈനറിയിലേക്ക് അനധികൃതമായി പ്രവേശിച്ച് ജീവനക്കാരെ കൊണ്ടുപോകാൻ ഈ ബസുകൾ ഉപയോഗിച്ചിരുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ബസുകൾക്ക് പെർമിറ്റ് ഉള്‍പ്പെടെ ആവശ്യമായ രേഖകളുണ്ടോയെന്നതിൽ സംശയമുണ്ടെന്നും, ഇന്ന് രാവിലെ 10 മണിക്ക് തന്നെ മുഴുവൻ രേഖകളും ഹാജരാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു. രേഖകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.മോട്ടോർവാഹന നിയമപ്രകാരം നമ്ബർ പ്ലേറ്റില്ലാതെ വാഹനങ്ങൾ സർവീസ് നടത്തുന്നത് കുറ്റകരമാണ്.


