കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസവും പുച്ഛവുമാണ് ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം : കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സര്‍ക്കാരിന് പരിഹാസവും പുച്ഛവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.നാല് ലക്ഷം രൂപ മാസ വരുമാനമുള്ള ഔഡി കാറുള്ള കര്‍ഷകനാണോ കേരളത്തിലെ ഒരു സാധാരണ കര്‍ഷകന്റെ പ്രതീകം. ഔഡി കാറുള്ള കര്‍ഷകനെ പോലെയാണോ വനാതിര്‍ത്തികളിലും ഹൈറേഞ്ചിലും ഉള്‍പ്പെടെ കഷ്ടപ്പെടുന്ന കര്‍ഷകര്‍. ഓരോ പ്രദേശത്തും ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കര്‍ഷകരാണ്. കേരളത്തിലെ കാര്‍ഷിക മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 

തെങ്ങ് കയറുന്നതിന് കൊടുക്കേണ്ട കൂലി നാളികേരം വിറ്റാല്‍ കിട്ടാത്ത അവസ്ഥയാണ്. നാളികേരത്തിന്റെ സംഭരണ വില 34 രൂപയായി പ്രഖ്യാപിച്ചു. നാളികേര സംഭരണം കൃത്യമായി നടന്നിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായേനെ. പക്ഷെ കേരളത്തിലെ നാളികേര സംഭരണം വിജയകരമാണോ? 50,000 ടണ്‍ നാളികേരം സംഭരിക്കാന്‍ അനുമതി ലഭിച്ചിട്ട് അഞ്ചില്‍ ഒന്ന് മാത്രമെ സംഭരിക്കാനായുള്ളൂ. അതേസമയം തമിഴ്‌നാട് 50,000 ടണ്‍ സംഭരിക്കുകയും 35,000 ടണ്‍ കൂടി സംഭരിക്കാനുള്ള പ്രത്യേക അനുമതി നേടുകയും ചെയ്തു. തമിഴ്‌നാട് എണ്‍പതിനായിരത്തോളം ടണ്ണിലേക്ക് എത്തുമ്ബോള്‍ കേരളത്തില്‍ നാളികേര സംഭരണം പരാജയപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭരണ സ്ഥലത്തേക്ക് നാളികേരം എത്തിക്കുന്നതിനുള്ള വണ്ടിക്കൂലി പോലും ലഭിക്കുന്നില്ല. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ സംഭരണത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംഭരണ വില 34-ല്‍ നിന്നും 40 ആയി വര്‍ധിപ്പിക്കാനുള്ള ശ്രമവും നടത്തേണ്ടതുണ്ട്. നാളികേരത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് മന്ത്രി പറയുന്നത് തെറ്റാണ്. സംഭരണം പരാജയപ്പെടുകയും നാളികേര കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറുകയും ചെയ്യുകയാണ്. കര്‍ഷകന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടോ? മുഖ്യമന്ത്രിയുടെ ചിരിയും ധനകാര്യ കൃഷി മന്ത്രിമാരുടെ സന്തോഷവും കണ്ടപ്പോള്‍ റബറിന്റെ വില കൂട്ടുമെന്നാണ് കരുതിയത്. പക്ഷെ പത്ത് രൂപ വര്‍ധിപ്പിച്ച ധനകാര്യമന്ത്രി നിരാശപ്പെടുത്തി. പ്രഖ്യാപിച്ച താങ്ങുവില പോലും നല്‍കുന്നില്ല. 

2020 ന് ശേഷം കര്‍ഷക കടാശ്വാസ കമീഷന്‍ അപേക്ഷ പോലും സ്വീകരിക്കുന്നില്ല. പല സഹകരണ ബാങ്കുകളിലും സര്‍ക്കാര്‍ വിഹിതം നല്‍കാത്തത് കൊണ്ട് വായ്പ അടച്ചു തീര്‍ത്തവര്‍ക്ക് രേഖകള്‍ പോലും നല്‍കുന്നില്ല. കര്‍ഷകര്‍ക്ക് ഒരു ആശ്വാസവും നല്‍കാത്ത കമീഷനായി കടാശ്വാസ കമീഷന്‍ മാറി. വ്യാപകമായ ജപ്തി നടപടികളാണ് കാര്‍ഷിക മേഖലയില്‍ നടക്കുന്നത്. 12000 കോടിയുടെ ഇടുക്കി പാക്കേജും 7000 കോടിയുടെ വയനാട് പാക്കേജും 5000 കോടിയുടെ കുട്ടനാട് പാക്കേജും പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇതില്‍ വയനാട്ടില്‍ കാപ്പി സംഭരണത്തിന് 50 ലക്ഷം മാത്രമാണ് നല്‍കിയത്. പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. ഒരു കര്‍ഷകരെയും നിങ്ങള്‍ സഹായിക്കുന്നില്ല. കുട്ടനാട്ടില്‍ കടം കയറി എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും സതീശൻ പറഞ്ഞു.

Hot Topics

Related Articles