തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനത്തിന് കോളിഫോം ബാക്ടീരിയ കാരണമാകുന്നതായും വകുപ്പ് വ്യക്തമാക്കി.അമീബയുടെ പ്രധാന ഭക്ഷണം കോളിഫോം ബാക്ടീരിയയാണ്. അതിനാല്‍ കോളിഫോം ബാക്ടീരിയ കൂടുതലുള്ള ജലാശയങ്ങളിലാണ് അമീബയും സ്വാഭാവികമായി വളരുന്നത്. നിലവിൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിടത്തെല്ലാം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനകളിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്യുന്നു.
രോഗവ്യാപനം തടയുന്നതിനായി ക്ലോറിനേഷൻ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പാരിസ്ഥിതിക മലിനീകരണമാണ് ജലാശയങ്ങളിലേക്ക് കോളിഫോം ബാക്ടീരിയകൾ പ്രവേശിക്കുന്നതിന് പ്രധാന കാരണം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരുമാസത്തിനിടെ 54 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു. ഇവരിൽ എട്ടുപേർ രോഗബാധ സ്ഥിരീകരിച്ച് മരണമടഞ്ഞിരുന്നു.


