കണ്ണൂരിൽ തേപ്പുപണിക്കിടെ സഹപ്രവർത്തകനെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ഇട്ട കേസ് ;ദൃശ്യം മോഡൽ കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ബംഗാളിൽ നിന്ന് പിടികൂടി

കണ്ണൂർ :സഹപ്രവർത്തകനെ ക്രൂരമായി കൊന്ന് കുഴിച്ചുമൂടി മുകളിൽ കോൺക്രീറ്റ് ഒഴിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഇരിക്കൂർ പൊലീസ് ബംഗാളിൽ നിന്ന് പിടികൂടി. കൊലപാതകത്തിൽ പ്രധാന പ്രതിയായ പരേഷ് നാഥ് മണ്ഡലിനെയാണ് പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.2021 ജൂണിലാണ് ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്‌ലാമിനെ (26) പരേഷ് നാഥ് മണ്ഡലും സുഹൃത്ത് ഗണേഷ് മണ്ഡലും ചേർന്ന് കൊലപ്പെടുത്തിയത്. ജൂൺ 28 മുതൽ അഷിക്കുലിനെ കാണാതായതിനെ തുടർന്ന് സഹോദരൻ മോമിൻ ഇരിക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ, ഇരുവരും ജോലി ചെയ്തിരുന്ന പെരുവളത്ത് പറമ്പ് കുട്ടാവ് ജംക്ഷൻ ഭാഗത്തെ നിർമാണത്തിലിരുന്ന വീടിന്റെ ബാത്‌റൂമിലാണ് മൃതദേഹം കുഴിച്ചുമൂടിയ ശേഷം മുകളിൽ കോൺക്രീറ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

Advertisements

സെപ്റ്റംബർ മാസത്തിലാണ് മൃതദേഹം കണ്ടെടുത്തത്.ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ പണി നടന്നു കൊണ്ടിരുന്ന വീടിന്റെ മുകളിലെ മുറിയിലായിരുന്നു കൊലപാതകം. കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചുമാണ് അഷിക്കുലിനെ കൊലപ്പെടുത്തിയത്. അന്ന് അഷിക്കുലും പരേഷ്‌നാഥും ഗണേഷും മാത്രമേ ഈ വീട്ടിൽ തേപ്പുപണിക്കുണ്ടായിരുന്നുള്ളൂ. അഷിക്കുലിന്റെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിമാൻഡിലായിരുന്ന പരേഷ് നാഥ് പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ബംഗാളിലുണ്ടെന്ന് ഉറപ്പായതോടെ എഎസ്ഐ സദാനന്ദൻ ചേപ്പറമ്പിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗാളിലേക്ക് യാത്രയായി. വ്യാഴാഴ്ച രാത്രിയോടെ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ സിദിഖ് പൊറോറ, പ്രജീഷ് ചൂളിയാട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles