തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയച്ചു.‘പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് വിവാദ ചിത്രം എൻ. സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഈ പോസ്റ്റ് സമൂഹത്തിൽ രാഷ്ട്രീയ വിദ്വേഷവും ലഹളക്കും ഇടയാക്കുമെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ എൻ. സുബ്രഹ്മണ്യനെ രാവിലെ ആറുമണിയോടെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൊഴിയെടുക്കാനാണെന്ന് പറഞ്ഞെങ്കിലും സ്റ്റേഷനിലേക്ക് കൊണ്ടുപോയ പൊലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയുടെ ഭാഗമായി സുബ്രഹ്മണ്യനെ വെള്ളിമാടുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസമ്മർദ്ദം ഉയർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അൽപനേരം നിരീക്ഷണത്തിലാക്കി. തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉച്ചയ്ക്ക് 12 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സമരം നടത്തി. നാടകീയ രംഗങ്ങൾക്കൊടുവിലാണ് സുബ്രഹ്മണ്യനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ച എൻ. സുബ്രഹ്മണ്യൻ, കേരള പൊലീസ് എകെജി സെന്ററിന്റെ അജൻഡ നടപ്പിലാക്കുകയാണെന്ന് ആരോപിച്ചു. ഇതേ ചിത്രം പങ്കുവച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലെ ചിത്രങ്ങൾ പിൻവലിക്കില്ലെന്നും, അറസ്റ്റും ജയിലുമുണ്ടായാലും പിണറായി സർക്കാരിനെതിരായ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേസിനെ നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനാധിപത്യ സമൂഹത്തിൽ അഭിപ്രായ പ്രകടനം കുറ്റകരമാക്കുന്ന പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും, ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി നേതാവിനെ അറസ്റ്റ് ചെയ്തത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ ചിത്രം പോസ്റ്റ് ചെയ്ത ബിജെപി നേതാവിനെതിരെ നടപടിയില്ലാത്തത് തുല്യനീതിയില്ലായ്മയാണെന്നും ആരോപിച്ചു.എൻ. സുബ്രഹ്മണ്യനെതിരെ ബിഎൻഎസ് 192, കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകൾ ചുമത്തിയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി. മഹേഷ് സ്വമേധയാ കേസെടുത്തത്. സമൂഹത്തിൽ രാഷ്ട്രീയ വിദ്വേഷം വളർത്താനും കലാപം സൃഷ്ടിക്കാനുമുള്ള ഉദ്ദേശത്തോടെയാണ് ചിത്രം പങ്കുവച്ചതെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.


