ന്യൂസ് ഡെസ്ക് :രാജ്യത്ത് വാഹനവിൽപ്പന സർവകാല റെക്കോഡിൽ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (FADA) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 2025 ഒക്ടോബറിൽ 40.24 ലക്ഷം വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകളിലിറങ്ങിയത്. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 40.53 ശതമാനത്തിന്റെ വളർച്ചയാണിത്.നവരാത്രി മുതൽ ദീപാവലി വരെ നീണ്ട 42 ദിവസത്തെ ഉത്സവകാല വിൽപ്പനയാണ് ഈ റെക്കോർഡ് നേട്ടത്തിന് പ്രധാന കാരണം. യാത്രാ വാഹനങ്ങളുടെ വിൽപ്പന പട്ടികയിൽ മാരുതി സുസുക്കി ഒന്നാമതെത്തിയപ്പോൾ, ടാറ്റ മോട്ടോഴ്സ് രണ്ടാമതും മഹീന്ദ്ര മൂന്നാമതും സ്ഥാനമുറപ്പിച്ചു.
എന്നാൽ ഹ്യൂണ്ടായ് മോട്ടോഴ്സ് ഈ പട്ടികയിൽ പിന്നോട്ട് നീങ്ങി.ഒക്ടോബർ മാസത്തിൽ ഹ്യൂണ്ടായിക്ക് വിറ്റഴിക്കാൻ കഴിഞ്ഞത് 65,442 വാഹനങ്ങൾ മാത്രമാണ്. വിൽപ്പനയിൽ ഏഴ് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് വാഹനവിൽപ്പന റെക്കോഡിൽ എത്തിയ സാഹചര്യത്തിലും ഹ്യൂണ്ടായ് നേരിടേണ്ടി വന്ന ഈ തളർച്ച കമ്പനിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെസ്റ്റിവൽ സീസണായിട്ടും ജിഎസ്ടി പരിഷ്കാരങ്ങളുടെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടും പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാനായില്ലെന്നതാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.അതേസമയം, ഒക്ടോബറിലെ കാറുകളുടെയും എസ്യുവികളുടെയും സംയുക്ത വിൽപ്പന 5.57 ലക്ഷമായി. ഈ വിഭാഗത്തിൽ 11 ശതമാനം വളർച്ചയാണുണ്ടായത്. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയും കുതിച്ചുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 21 ലക്ഷത്തിൽ നിന്ന് ഇത്തവണ 31.5 ലക്ഷമായി ഉയർന്നു, അഥവാ 52 ശതമാനം വളർച്ച.ചരക്ക്-സേവന നികുതി (GST) കുറച്ചതും ഗ്രാമീണ മേഖലകളിൽ വാഹനങ്ങളുടെ ഉപഭോഗം വർദ്ധിച്ചതുമാണ് വിൽപ്പന ഉയരാനിടയാക്കിയതെന്ന് FADA പ്രസിഡൻറ് സി.എസ്. വിപ്പേശ്വർ വ്യക്തമാക്കി.


