പാലാ : മാംസ വ്യാപാരശാലയ്ക്ക് നേരെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ നടത്തുന്ന പീഡനം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പാല ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.മാംസ വില നിശ്ചയിക്കുവാൻ പ്രാദേശിക ഭരണകൂടത്തിന് അധികാരമില്ലെന്നിരിക്കെ , ഒന്നാന്തരം മാംസത്തിന്റെ വില വിപണിയിൽ ലഭ്യതക്കനുസരിച്ച് ഏറിയും കുറഞ്ഞും മാറ്റേണ്ട സാഹചര്യമാണ് നിലവിലുള്ളത്. താൽക്കാലികമായി ഉണ്ടായ വില വർദ്ധനവുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യത്തിൻ്റെ പേരിൽ നഗരസഭ കൗൺസിലറും ചെയർപേഴ്സണും ചേർന്ന് വ്യാപാര സ്ഥാപനത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
വസ്തുത മനസ്സിലാക്കാതെ മുൻസിപ്പൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൂടുതൽ ഗൗരവമായ നടപടികൾ ഉണ്ടാവുന്ന പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി വ്യാപാരി വ്യവസായി സമിതി മുന്നോട്ട് വരുമെന്ന് സമിതി ഏരിയ കമ്മിറ്റി അറിയിച്ചു. പ്രതിഷേധ യോഗം വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജോസ് കുറ്റ്യാനിമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയേൽ,ദീപു സുരേന്ദ്രൻ , രാജു ജോൺ ചിറ്റേത്ത്, ബി അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


