ബെംഗളൂരു :ഭിന്നശേഷിയുള്ള യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി.കാലുകൾക്ക് ചലനശേഷിയില്ലാത്തതും സംസാരിക്കാൻ കഴിയാത്തതുമായ യുവതിയെയാണ് അസം സ്വദേശിയായ വിസ്നേഷ് എന്ന യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്.ആടുഗോഡി എം.ആർ. നഗരിലാണു സംഭവം നടന്നത്. നവംബർ ഒമ്പതിന് യുവതിയുടെ വീട്ടിലെ മറ്റെല്ലാവരും ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനായി പുറത്ത് പോയിരുന്നു. അവർ വീട്ടിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടി പോയതിനെ തുടർന്ന് അകത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയ പ്രതി വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു. തുടർന്ന് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു.
വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തല്ലിപ്പൊളിച്ചു. അകത്ത് കടന്നപ്പോൾ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ സ്ഥലത്തുവച്ച് പിടികൂടുകയായിരുന്നു. നാട്ടുകാർ പ്രതിയെ റോഡിലിട്ട് മർദ്ദിച്ച ശേഷം പൊലീസിന് കൈമാറി.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


