മരങ്ങാട്ടുപിള്ളി: ബസ്സിൽ കുടിവെള്ള കുപ്പി സൂക്ഷിച്ചതിന് കെഎസ്ആർടിസി ഡ്രൈവറായ ജയ്മോൻ ജോസഫ് പുതിയാമറ്റത്തിനെ ഡിപ്പോയിലേയ്ക്ക് മാറ്റിയ ഗതാഗത മന്ത്രിയുടെ പ്രതികാരനടപടിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധ പ്രകടനം നടന്നു.പൊൻകുന്നം ഡിപ്പോയിൽ ഡ്രൈവറായ ജയ്മോനും മറ്റ് രണ്ട് ജീവനക്കാരനും വേണ്ടി പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് യൂണിയൻ ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് വീണ്ടും ഉത്തരവ് ഇറക്കുകയായിരുന്നു. ഉത്തരവിന്റെ വിവരം അറിഞ്ഞ ജയ്മോൻ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
ജയമോനിന് എതിരായ മന്ത്രിയുടെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു, “മന്ത്രിയുണ്ട് സൂക്ഷിക്കുക” എന്ന പോസ്റ്റർ പതിച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് ഉപരോധം നടത്തി, മന്ത്രിയുടെ കോലം കത്തിച്ചും അവർ പ്രതിഷേധം രേഖപ്പെടുത്തി.ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, “ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയത് ഉൾപ്പെടെ സർക്കാർ പ്രതിച്ഛായ നഷ്ടപ്പെടുന്ന അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, മന്ത്രിമാർ അനാവശ്യ പ്രഹസനങ്ങൾ കാണിക്കുന്നു. വാഹനത്തിൽ കുടിവെള്ളം സൂക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാണോ, മന്ത്രി വ്യക്തമാക്കണം. ജീവനക്കാർക്ക് ഡിപ്പോയിലോ ബസുകളിലോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പരാജയപ്പെട്ടിട്ടുണ്ട്. ജോസഫ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ‘കുറ്റം’ എന്താണെന്ന് വ്യക്തമാക്കാൻ മന്ത്രിക്ക് കഴിയുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാരിന്റെയും മന്ത്രിമാരുടെയും ദുഷ്‌പ്രതിഭയും പിടിവാശിയും ജീവനക്കാർക്കെതിരെ വരുന്നത് നിത്യസംഭവമായി മാറി,” എന്ന് വിമർശനം ഉന്നയിച്ചു.മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷനായി. അഡ്വ. ജോർജ് പയസ്, അഗസ്റ്റിൻ കൈമളേട്ട്, കെ വി മാത്യു, സാബു തെങ്ങുംപള്ളി, മാത്തുകുട്ടി പുളിക്കീൽ, ജോസ് ജോസഫ് പി, വി ഡി അഗസ്റ്റിൻ, സണ്ണി മുളയൊലിക്കൽ, ഉല്ലാസ് വി കെ, ആഷിൻ അനിൽ മേലേടം, ഷൈൻ കൈമളേട്ട്, സിബു മാണി, റോബിൻ സി കുര്യൻ, ജോജി പാറ്റാനി, കെ പി കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.ജയ്മോൻ മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല സ്വദേശിയാണ്.


