തൃശ്ശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ മധ്യപ്രദേശില്‍ നിന്നും കാട്ടൂര്‍ പൊലീസ് പിടികൂടി. മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ധ്രുവേ (25) ആണ് അറസ്റ്റിലായത്.2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശിയായ ഒരു പെണ്‍കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതോടെ രാജേഷ് ഒളിവിൽ പോയി. പിടികിട്ടാപ്പുള്ളിയായി വാറന്റ് പുറപ്പെടുവിച്ചതോടെ കാട്ടൂര്‍ പൊലീസ് അന്വേഷണ സംഘമൊരുക്കി മധ്യപ്രദേശിലേക്ക് പോയി.
പ്രതിയെ നക്‌സല്‍ സ്വാധീനമുള്ള മന്‍റ്ല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയിൽ നിന്നാണ് പിടികൂടിയത്. പ്രദേശവാസികളുടെ എതിര്‍പ്പുകൾ നേരിട്ടെങ്കിലും, മധ്യപ്രദേശ് മന്‍റല ജില്ലയിലെ സല്‍വ പൊലീസ് ഔട്ട്പോസ്റ്റിലെ ധൗത്യസേനാ അംഗങ്ങളുടെ സഹകരണത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.പ്രതിയെ മന്‍റല കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.അറസ്റ്റിനായി പ്രവര്‍ത്തിച്ച അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ബൈജു ഇ.ആര്‍., അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അസീസ് എം.കെ., സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണു എന്നിവരടങ്ങുന്നു.


