തിരുവനന്തപുരം :ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ അന്വേഷണം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ദേവസ്വം വിജിലന്‍സ് സംഘം അടുത്ത ആഴ്ച്ച ബംഗളൂരുവിലേക്ക് പോകുന്നു. സ്വര്‍ണപ്പാളിയുടെ സ്പോണ്‍സറായ വ്യവസായി ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടപാടുകളിലാണ് പ്രത്യേകമായി അന്വേഷണം കേന്ദ്രീകരിക്കുന്നത്.2019-ല്‍ അറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ പിന്നീട് അത് ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചുവെന്ന വിവരങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടും സ്വര്‍ണപ്പാളി തിരിച്ചെത്താന്‍ 40 ദിവസം വൈകിയതും സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.സ്വര്‍ണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഉണ്ണികൃഷ്ണന് പോറ്റിയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് വ്യവസായികളായ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് സൂചന നല്കുന്നു.ഉണ്ണികൃഷ്ണന് പോറ്റിയുടെ മുഴുവന്‍ ഇടപാടുകളും രേഖകളും വിശദമായി പരിശോധിക്കാനുള്ള പദ്ധതിയുമായാണ് വിജിലന്‍സ് മുന്നോട്ട് പോകുന്നത്. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാനാണ് സാധ്യത.


