ലോക ട്രോമാ ദിനം ഓർമ്മപ്പെടുത്തുന്നു:അപകടത്തിൽപ്പെട്ടവരെ അവഗണിക്കാതെ രക്ഷയുടെ കൈ നീട്ടുക;ഒരു ചെറു സഹായം ഒരു ജീവൻ രക്ഷിക്കാം

കോട്ടയം :ജീവന്റെ വില അറിയാതെ സമൂഹം മുന്നോട്ടു പോകുകയാണ്. ഒരു ജീവൻ എന്ന ചോദ്യത്തിന് ഉറപ്പുള്ള ഉത്തരമൊന്നും പറയാനാവില്ല. എന്നാൽ ഒരു ചെറുപ്രവർത്തിയാൽ പോലും ഒരു ജീവനെ രക്ഷിക്കാൻ കഴിയുന്നുവെങ്കിൽ, അതാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഇന്ന് ഒക്ടോബർ 17, ലോക ട്രോമാ ദിനം. അപകടത്തിൽപ്പെട്ടവരെയും അവശനിലയിൽ കിടക്കുന്നവരെയും അവഗണിക്കരുത് എന്ന സന്ദേശമാണ് ഈ ദിനം ഓർമ്മപ്പെടുത്തുന്നത്.വാഹനാപകടങ്ങൾ, ഹൃദയാഘാതം, പാമ്പുകടി, തീപ്പൊള്ളൽ, ഇടിമിന്നൽ… ഇത്തരം അത്യാഹിതങ്ങൾ ഏത് നിമിഷവും സംഭവിക്കാവുന്നവയാണ്. പലരും ചികിത്സ ലഭിക്കാതെ, സഹായിക്കാനുള്ളവർ ഇല്ലാതെ ജീവൻ നഷ്ടപ്പെടുത്തുന്നവരായി തീരുന്നു. എന്നാൽ അത്യാഹിത സമയത്ത് ചെയ്യുന്ന ചെറിയൊരു ശ്രമം പോലും ജീവൻ നിലനിർത്താൻ സഹായകമാകും.

Advertisements

പ്രഥമശുശ്രൂഷയുടെ പ്രാധാന്യംഅപകടം നടന്ന ഉടനെത്തുന്നയാളാണ് പലപ്പോഴും ആദ്യ രക്ഷകൻ. ആശുപത്രിയിലെത്തുംവരെ അപകടബാധിതന് നൽകുന്ന അടിയന്തര പരിചരണങ്ങളെയാണ് പ്രഥമശുശ്രൂഷ എന്നു പറയുന്നത്.വാഹനാപകടങ്ങളിൽ സാധാരണയായി രക്തസ്രാവമാണ് മരണത്തിന് പ്രധാന കാരണം. അതിനാൽ തന്നെ ആദ്യം ചെയ്യേണ്ടത് രക്തസ്രാവം നിയന്ത്രിക്കാനുള്ള നടപടികളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസ്ഥി ഒടിഞ്ഞാൽ, അത് നേരെയാക്കി വടിയുമായി ചേർത്ത് കെട്ടണം.

ബോധാവസ്ഥയും ശ്വാസവും നാഡിമിടിപ്പും പരിശോധിക്കുക.

ഇന്ധന ചോർച്ചയോ തീപിടിത്ത ഭീഷണിയോ ഉണ്ടെങ്കിൽ, അത് തടയുക.

അടിയന്തര സഹായത്തിനായി സമീപത്തെ പോലീസ് സ്റ്റേഷനും ആശുപത്രിയും അറിയിക്കുക.

പൊള്ളലേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

പൊള്ളലിന് ശേഷം ഉണ്ടാകുന്ന അണുബാധയാണ് ഏറ്റവും അപകടകരം. തീപ്പൊള്ളലോ രാസവസ്തുക്കളിലൂടെയോ പൊള്ളലുണ്ടായാലും ഉടൻ വെള്ളം ഒഴിച്ച് തണുപ്പിക്കുക. ഐസ് വെക്കുന്നത് അപകടകാരിയാണ്.

കുമിളകൾ പൊട്ടിക്കരുത്, പൊള്ളലേറ്റ ഭാഗത്തെ ആഭരണങ്ങൾ ഉടൻ നീക്കം ചെയ്യണം.

കത്തിയ വസ്ത്രങ്ങൾ വലിച്ചിഴയ്ക്കരുത്.

പൊള്ളൽ വലുതാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം

പാമ്പുകടിയേറ്റാൽ

പാമ്പുകടിയേറ്റ് ഇപ്പോഴും അനവധി പേർ മരിക്കുന്നു. പ്രധാന കാരണം ഭയവും സമയോചിതമായ ചികിത്സയുടെ അഭാവവുമാണ്.

കടിച്ച പാമ്പിനെ തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ അത് ചികിത്സയ്ക്ക് സഹായകമാകും.

പാമ്പ് കടിയേറ്റ ആളെ കിടത്തി ശാന്തനാക്കുക, വിഷം കലരാതിരിക്കാൻ ചലനം ഒഴിവാക്കുക.

മുറിവ് വൃത്തിയായി കഴുകി മുകളിലൂടെ കെട്ടുക.

എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

വൈദ്യുതാഘാതമേറ്റാൽ

വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്.

ആദ്യം വൈദ്യുതി ഓഫ് ചെയ്യുക അല്ലെങ്കിൽ ഉണങ്ങിയ വസ്തുവിൽ നിന്ന് ബന്ധം മാറ്റുക.

ബോധമില്ലെങ്കിൽ കൃത്രിമ ശ്വാസം നൽകുക, ഹൃദയമിടിപ്പ് പരിശോധിക്കുക.

കുഴഞ്ഞുവീഴുമ്പോൾ

ഹൃദ്രോഗവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും കുഴഞ്ഞുവീഴൽ സംഭവിക്കുന്നത്.

രോഗിയെ കാറ്റ് കിട്ടുന്നവിധം ചാരിയിരുത്തുക.

അവശ്യമായാൽ ഗുളിക നൽകുക.

ബോധമില്ലെങ്കിൽ പുനരുജ്ജീവന മാർഗങ്ങൾ സ്വീകരിക്കുക.

വെള്ളത്തിൽ വീഴുമ്പോൾ

നീന്തലറിയാത്തവർക്ക് വെള്ളത്തിലേക്ക് വീഴൽ ജീവൻ നഷ്ടപ്പെടുത്താൻ കാരണമാകാറുണ്ട്.

മുങ്ങിയവനെ തല ചെരിഞ്ഞ നിലയിൽ കിടത്തുക, വായിലൂടെ വെള്ളം പുറത്തുവരാൻ അവസരം നൽകുക.

ശരീരം തണുത്തിരിക്കുകയാണെങ്കിൽ പുതപ്പിക്കുക

ബോധം വീണ്ടെടുത്താലും ആശുപത്രിയിൽ എത്തിക്കണം.

രക്ഷയ്ക്ക് മുന്നേ കരുതലുകൾ

മറ്റൊരാളെ രക്ഷിക്കാൻ ഓടുമ്പോൾ തന്നെ അപകടത്തിലാകാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണ്.ശ്വാസം, ഹൃദയമിടിപ്പ് എന്നിവയാണ് ആദ്യം പരിശോധിക്കേണ്ടത്.ശ്വാസം നിലച്ചാൽ കൃത്രിമ ശ്വാസം നൽകാനും ഹൃദയ പുനരുജ്ജീവനം ചെയ്യാനും പരിശീലനം ഉണ്ടായിരിക്കണം.വായിൽ തടസ്സങ്ങളുണ്ടോ എന്ന് ഉറപ്പാക്കി പിന്നെ ശ്വാസം നൽകണം.ദീർഘമായി ശ്വാസം വലിച്ച് ശക്തമായി ഊതുക; നെഞ്ച് ഉയരുന്നത് കാണുമ്പോൾ വായു നിറഞ്ഞതാണെന്ന് മനസ്സിലാക്കാം.

Hot Topics

Related Articles