ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അൻപതാം മിനിറ്റിലാണ് മെക്സിക്കോയ്ക്ക് വേണ്ടി ലൂയിസ് റോമോ ഗോള്‍ നേടിയത്.ഇടതുവിങ്ങില്‍ നിന്നും ഉയർന്നുവന്ന ക്രോസ് കൈപ്പിടിയിലൊതുക്കുന്നതിനിടെ ദക്ഷിണകൊറിയൻ ഗോള്‍കീപ്പർ കിം സ്യൂൻജ്യുവിന് പിഴക്കുകയും കയ്യില്‍ നിന്നും മുന്നിലേക്ക് വഴുതിവീണ പന്ത് ലൂയിസ് റോമോ കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു.
മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഗോള്‍ നേടിയ ശേഷം അല്പമൊന്ന് പ്രതിരോധത്തിലേക്കിറങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ മെക്സിക്കോ ആക്രമണം നടത്തുന്നുണ്ടായിരുന്നു. ആദ്യ ഗോളില്‍ തന്റെ പിഴവുകളുണ്ടായിരുന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ദക്ഷിണ കൊറിയയെ രക്ഷിച്ചത് ഗോള്‍ കീപ്പർ കിം സ്യൂൻജ്യു തന്നെയായിരുന്നു.


