പ്രൊഫ. ഡോ. സിബി ജയിംസ് വിരമിക്കുന്നു

അധ്യാപകൻ, പ്രിൻസിപ്പൽ, എന്നീ നിലകളിൽ പാലാ സെൻ്റ് തോമസ് കോളജിനെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ നിരവധി നേട്ടങ്ങളിലേക്ക് നയിച്ച പ്രൊഫ. ഡോ. സിബി ജയിംസ് ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. കോളജിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സാംസ്കാരിക പ്രദർശനമേളയിലും അഖില കേരള സൈക്കിൾ പ്രയാണത്തിലും ജൂബിലി സമാപനാഘോഷത്തിൽ ഇന്ത്യയുടെ ആദരണീയ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ പങ്കെടുപ്പിക്കാൻ സാധിച്ചതിലും പ്രൊഫ. ഡോ. സിബി ജയിംസ് നിർണായക സ്വാധീനം ചെലുത്തി. അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം സൈക്കിൾ ചവിട്ടാൻ പ്രിൻസിപ്പലും കൂടിയെത്തിയത് വലിയ ആവേശമാണ് പകർന്നതെന്ന് വിദ്യാർത്ഥികൾ ഓർക്കുന്നു. അക്കാദമിക് മികവുകൊണ്ട് മാത്രമല്ല അധ്യാപകരോടും വിദ്യാർത്ഥികളോടുമുള്ള സൗമ്യദീപ്തമായ പെരുമാറ്റം കൊണ്ടു കൂടിയാണ് സിബി സാർ വ്യത്യസ്തനായത്. പാലാ സെൻ്റ് തോമസ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ജെ.എൻ.യു. വിൽ നിന്ന് ഒന്നാം റാങ്കോടുകൂടിത്തന്നെയാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാത്രമല്ല മലയാള ഭാഷയിലും സാഹിത്യത്തിലും അഗാധമായ അവഗാഹമുള്ള വ്യക്തിയാണ് സിബി സാർ. മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മലയാളത്തിലെ മണിപ്രവാള സാഹിത്യത്തെ ആധാരമാക്കിയാണ് ഇംഗ്ലീഷിൽ പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കിയത്. കോളജിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിലും പ്ലാറ്റിനം ജൂബിലി ആഘോഷത്തിലും നടന്ന ഷേക്സ്പിയർ നാടകാവതരണത്തിൽ നായകനായി അരങ്ങിലെത്തി എന്ന കൗതുകകരമായ സവിശേഷതയും ഇദ്ദേഹത്തിൻ്റെ അധ്യാപന ജീവിതത്തിലുണ്ട്. യാത്രകളെയും പുസ്തകങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന, നീന്തലിൻ്റെയും സൈക്ലിംഗിൻ്റെയും പരിസ്ഥിതി സ്നേഹത്തിൻ്റെയും പ്രാധാന്യം സ്വന്തം ജീവിതത്തിലൂടെ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്ന, ശിഷ്യ വാത്സല്യം കൊണ്ടും ആഴമേറിയ അറിവുകൊണ്ടും അനേകം തലമുറകളുടെ മനസ്സിൽ ഇടം നേടിയ ആചാര്യശ്രേഷ്ഠനാണ് 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളജിൽ നിന്ന് വിരമിക്കുന്നത്. എൽ.ഐ. സി ഉദ്യോഗസ്ഥയായ ഭാര്യ ജോളിക്കുട്ടി എം. ജോസ്, മലയാള സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥിയായ മകൾ നയൻതാര, എൽ.എൽ. എം വിദ്യാർത്ഥിയായ മകൻ നിരഞ്ജൻ എന്നിവർ സാറിന് പൂർണ്ണ പിന്തുണനല്‍കുന്നു.

Hot Topics

Related Articles