തിരുവനന്തപുരം:ചില ക്രിമിനലുകൾ മാധ്യമരംഗത്ത് കടന്നുവന്നതായും അവരെ നേരിടാൻ തയ്യാറാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന തട്ടിപ്പ് ആരോപണങ്ങൾ തന്റെമേൽ ചുമത്തുന്നതാണെന്നും, അതിലൂടെ യഥാർത്ഥ തട്ടിപ്പിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
“മെസ്സി തട്ടിപ്പ് മറച്ചുവെക്കാനാണ് തനിക്കെതിരെ ഭൂമി വിൽപ്പന ആരോപണം ഉയർത്തിയത്. അവയിൽ ഒരു വസ്തുതയും ഇല്ല. ബി.പി.എൽ. കമ്പനി ഇതിനകം തന്നെ വ്യക്തമായ പ്രസ്താവന നൽകി,” എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തന്നെ നുണകളിലൂടെ ലക്ഷ്യമിടാൻ ശ്രമിക്കുന്നവർ രക്ഷപ്പെടില്ലെന്നും, അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ശബരിമല, എക്സാലോജിക്, മെസ്സി തട്ടിപ്പുകൾ എല്ലാം കേരളത്തിലെ രാഷ്ട്രീയ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് വെളിവാകുന്നത്. മാധ്യമ-രാഷ്ട്രീയ രംഗത്തുള്ള ദുഷ്പ്രവർത്തകരെ ശുദ്ധീകരിക്കാനാണ് ശ്രമം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിഎം ശ്രീ വിവാദം ശബരിമല കൊള്ള മറയ്ക്കാനുള്ള ശ്രമം
പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദം ശബരിമല സ്വർണകൊള്ളയിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. അഞ്ച് വർഷം നടപ്പിലാക്കാതിരുന്ന പദ്ധതിയെ ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുകയാണ്. ശബരിമല കൊള്ളയിൽ അകപ്പെട്ടവരുടെ ഉത്തരവാദിത്വം മറയ്ക്കാനാണ് വിവാദം സൃഷ്ടിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡിനെയും മന്ത്രി വി.എൻ. വാസവനെയും ലക്ഷ്യമിട്ട് രാജി ആവശ്യപ്പെട്ട് സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.“കേരളത്തിൽ കേന്ദ്രപദ്ധതികൾ പേര് മാറ്റി നടപ്പിലാക്കുകയാണ്. പ്രധാനമന്ത്രിയുടെ പദ്ധതികളാണ് ദാരിദ്ര്യനിർമാർജനത്തിന് കാരണമായത്,” എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലോകബാങ്ക് കണക്കുകൾ പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ പത്ത് വർഷങ്ങളിൽ 17 കോടി പേർ ദാരിദ്ര്യത്തിൽ നിന്നും മുക്തരായപ്പോൾ, കേരളത്തിൽ അത് വെറും 2.72 ലക്ഷം പേരാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.


