ചിത്രം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നിർമ്മിക്കുന്ന ബിഷപ്പ്സ് ക്വാർട്ടേഴ്സിനുള്ള അടിസ്ഥാനശില സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശീർവദിക്കുന്നു. സഭയിലെ മെത്രാപ്പോലീത്താമാർ,വൈദികർ എന്നിവർ സമീപം
കോട്ടയം : 2026 ഫെബ്രുവരി 23 മുതൽ 27 വരെ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ അധ്യക്ഷതയിൽ സമ്മേളിച്ച പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു. 2025 ജൂലൈ സുന്നഹദോസിന് ശേഷം കൂടിയ മലങ്കര അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയുടെ യോഗ തീരുമാനങ്ങൾ സുന്നഹദോസ് അംഗീകരിച്ചു. സഭയുടെ ബി ഷെഡ്യൂളിൽപ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും 2026 -2027 വർഷത്തെ ബജറ്റ് അംഗീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദിക സെമിനാരികൾ, പരുമല സെമിനാരി, പരുമല ആശുപത്രി, എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ജൂലൈ 2025 ന് ശേഷമുള്ള പ്രവർത്തന റിപ്പോർട്ടുകളും 26 – 27 ലെ ബജറ്റും അംഗീകരിച്ചു.
വിശുദ്ധ കുർബാനയുടെയും മറ്റു കൂദാശകളുടെയും നിർവ്വഹണം സംബന്ധിച്ച മാർഗനിർദേശങ്ങളും വിവിധ സിനഡിക്കൽ കമ്മീഷനുകളുടെ റിപ്പോർട്ടുകളും സുന്നഹദോസിൽ അവതരിപ്പിച്ചു. മാർച്ച് 27ന് നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
സഭാ ആസ്ഥാനത്ത് നിർമ്മിക്കുന്ന ബിഷപ്പ്സ് ക്വാർട്ടേഴ്സിന് പരിശുദ്ധ കാതോലിക്കാ ബാവാ അടിസ്ഥാന ശിലയിട്ടു. മെത്രാപ്പോലീത്താമാരും, വൈദികരും സംബന്ധിച്ചു. നാലുനിലകളിലായി നിർമ്മിക്കുന്ന ക്വാർട്ടേഴ്സിൽ മെത്രാപ്പോലീത്താമാരുടെ താമസസൗകര്യത്തിന് പുറമേ, കോൺഫറൻസ് ഹാൾ, ലൈബ്രറി, മ്യൂസിയം, വിസിറ്റേഴ്സ് ലോഞ്ച് എന്നിവയുണ്ടാകും. 2 വർഷം കൊണ്ട് നിർമ്മാണം പൂർത്തകരിക്കുകയാണ് ലക്ഷ്യം.
പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സുന്നഹദോസ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സഖറിയാ മാർ നിക്കോളവോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ് എന്നീ മെത്രാപ്പോലീത്താമാർ വിവിധ ദിവസങ്ങളിലായി ധ്യാനം നയിച്ചു. സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും പരിശുദ്ധ സുന്നഹദോസിൽ സംബന്ധിച്ചു.


