ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് ജീവനൊടുക്കിയ സംഭവം;ആർഎസ്എസ് ബിജെപി സമ്മർദ്ദം കാരണമെന്ന് സൂചിപ്പിക്കുന്ന നിർണായക ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം: ആർഎസ്എസിനെയും ബിജെപിയെയും കടുത്ത പ്രതിരോധത്തിലാക്കി ആനന്ദ് കെ. തമ്പിയുടെ മരണത്തിന് മുന്നോടിയായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. പാർട്ടിക്കുവേണ്ടി ശരീരവും മനസും നൽകിയിട്ടും താൻ വഞ്ചിക്കപ്പെട്ടുവെന്നായിരുന്നു ആനന്ദ് സുഹൃത്തിനോട് നടത്തിയ സംഭാഷണത്തിലെ വെളിപ്പെടുത്തൽ.സ്ഥാനാർത്ഥിയായി പരിഗണിച്ചിട്ടും പിന്നീട് തഴഞ്ഞതിലൂടെ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധു വിമൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisements

മരണത്തിന് രണ്ട് ദിവസം മുമ്പ് സുഹൃത്തിനോട് നടത്തിയ ഈ സംഭാഷണത്തിലാണ് ആർഎസ്എസും ബിജെപിയും തന്നോട് അനീതി കാട്ടിയതായും വിമത സ്ഥാനാർത്ഥിയായി ഇറങ്ങാൻ തീരുമാനിച്ചതോടെ പാർട്ടി സമ്മർദ്ദം ശക്തമായതായും ആനന്ദ് പറഞ്ഞിരിക്കുന്നത്.തൃക്കണ്ണാപുരത്തെ ബിജെപി ഏരിയ പ്രസിഡൻ്റ് ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി അംഗം കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവർ “മണ്ണ് മാഫിയ”യുമായി ബന്ധമുള്ളവരാണെന്നും, അവർക്കനുകൂലമായ സ്ഥാനാർത്ഥിയെ തൃക്കണ്ണാപുരത്ത് നിർത്തിയതായും ആനന്ദ് കുറിപ്പിൽ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിപ്പിൽ കൂടാതെ ആർഎസ്എസ് പ്രവർത്തകനായി ജീവിച്ചതുകൊണ്ടാണ് ജീവനൊടുക്കേണ്ട അവസ്ഥയിലേക്ക് താൻ തള്ളപ്പെട്ടതെന്നും, തന്റെ ശരീരത്തെ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ കാണിക്കരുതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.ആനന്ദിനെ തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് തഴഞ്ഞ നിലപാട് സ്വീകരിച്ചതിൽ അദ്ദേഹം വലിയ മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കളുടെ മൊഴിയിൽ വ്യക്തമാക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ആനന്ദിന്റെ വെളിപ്പെടുത്തലുകൾ പാർട്ടി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.ജില്ലാ നേതാവും കൗൺസിലറും ആയിരുന്ന തിരുമല അനിൽ ജീവനൊടുക്കിയിട്ട് രണ്ടുമാസം പിന്നിടുന്നു. തമ്പാനൂരിലെ ലോഡ്ജിൽ ആർഎസ്എസ് പ്രവർത്തകൻ അനന്ദു അജി ആത്മഹത്യ ചെയ്ത സംഭവത്തിലെ വിവാദം തുടർന്നിരിക്കെ ആനന്ദിന്റെ മരണവും പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങളെയും ഗൂഢകലഹങ്ങളെയും വീണ്ടും തുറന്നുകാട്ടുകയാണ്. ഒരു വശത്ത് തലസ്ഥാന നഗരസഭയുടെ ഭരണം പിടിക്കാനായുള്ള ശക്തമായ മുന്നേറ്റങ്ങൾ നടക്കുന്ന സമയത്താണ് മറുവശത്ത് വിവാദങ്ങളുടെ ചുഴലിക്കാറ്റിൽ നേതൃത്വം കുടുങ്ങുന്നത്.

Hot Topics

Related Articles