രണ്ടാംഘട്ട പ്രചാരണം കളറാക്കാൻ എൽഡിഎഫ്; മുഖ്യമന്ത്രിക്ക് ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ; രണ്ടും കൽപിച്ച് ഇടതു മുന്നണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ഇടത് ക്യാമ്പ്. പിണറായി മുൻനിരയിൽ നിന്ന ഭരണഘടനാ സംരക്ഷണ റാലികൾ മലബാറിൽ ഉൾപ്പടെ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം. മറ്റന്നാൾ തുടങ്ങി ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ പിണറായിക്കുണ്ട്. മാസപ്പടിയിലെ ഇഡി കേസ് അടക്കം നിലനിൽക്കെ എന്ത് പറയുമെന്നതിൽ രാഷ്ട്രീയ കൗതുകമുണ്ട്.

ന്യൂനപക്ഷ പോക്കറ്റുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നേരിട്ടിറങ്ങിയ ഭരണഘടന സംരക്ഷണ റാലികൾ ഏൽക്കേണ്ടിടത്ത് ഏറ്റെന്ന വിലയിരുത്തലോടെയാണ് സിപിഎമ്മും ഇടതുമുന്നണിയും രണ്ടാംഘട്ട പ്രചാരണത്തിന് ഒരുങ്ങുന്നത്. ഇനി ഊന്നൽ ഇഡിയെ മുൻനിർത്തി കേന്ദ്രസർക്കാർ പയറ്റുന്ന രാഷ്ട്രീയ കളികൾക്കുള്ള മറുമരുന്നിലാണ്. മാസപ്പടിമുതൽ മസാലാ ബോണ്ട് വരെ ഇഡിയുടെ വാൾ തലക്ക് മുകളിൽ നിൽക്കെ പ്രതിരോധ പോരിനും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിട്ടിറങ്ങുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർച്ച് 30 മുതൽ ഏപ്രിൽ 23 വരെ നീളുന്ന കേരള പര്യടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന 60 പൊതു യോഗങ്ങളുണ്ടാകും. അതായത് 20 മണ്ഡലങ്ങളിൽ ഓരോന്നിലും മൂന്ന് പരിപാടികളിൽ വീതമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ഇഡി അടക്കം ദേശീയ അന്വേഷണ ഏജൻസികളെ വച്ച് നടത്തുന്ന പകപോക്കൽ രാഷ്ട്രീയം തുറന്ന് പറയും, കേന്ദ്രത്തിലൊന്നും കേരളത്തിൽ മറ്റൊന്നും എന്നമട്ടിൽ നിൽക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിക്കും. കടമെടുപ്പ് പരിധി വെട്ടിയ കേന്ദ്ര നടപടികളും കേരളം മുൻകയ്യെടുത്ത് നടത്തുന്ന നിയമ പോരാട്ടങ്ങളും ഊന്നിപ്പറയും. 

രാഷ്ട്രീയം പറഞ്ഞ് വോട്ട് ഉറപ്പിക്കാനിറങ്ങുന്ന മുഖ്യമന്ത്രിക്ക് പാർട്ടിയും മുന്നണിയും മാത്രമല്ല സമാന്തര മാധ്യമ സംവിധാനത്തിന്റെ ആകെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. സുസജ്ജമായ സോഷ്യൽ മീഡിയ സംഘം രണ്ട് വർഷമായി സജീവമാണെങ്കിലും താഴെത്തട്ടിൽ വരെ അതിന്റെ സ്വാധീനമെത്തും വിധം പ്രവർത്തന ശൈലിയിലും സിപിഎം അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്.

ഇഡി കേസെടുത്തതോടെ മാസപ്പടി വിവാദം തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില പ്രധാന ചര്‍ച്ചയാണ്. കേന്ദ്ര നയത്തോടുള്ള ഇരട്ടത്താപ്പ് പരസ്പരം ആരോപിച്ചാണ് സര്‍ക്കാരും പ്രതിപക്ഷവും പിടിച്ച് നിൽക്കുന്നത്. കേന്ദ്രത്തിന്‍റെ നയസമീപനങ്ങളെ തെരഞ്ഞെടപ്പ് വേദിയിൽ തുറന്നുകാട്ടാനിറങ്ങുന്ന മുഖ്യമന്ത്രി മാസപ്പടിയിൽ എന്ത് പറയുമെന്നതിലുമുണ്ട് രാഷ്ട്രീയ കൗതുകം.

Hot Topics

Related Articles