തളിപ്പറമ്പിൽ പി.കെ ശ്യാമളയെ പിൻവലിച്ചേയ്ക്കും; സോഷ്യൽ മീഡിയയിലെ എതിർപ്പ് കണക്കിലെടുക്കാൻ പാർട്ടി 

തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പുനരാലോചനക്ക് സാധ്യത. സ്ഥാനാർഥിത്വത്തില്‍ നിന്ന് പി.കെ ശ്യാമളയെ മാറ്റിയേക്കും. അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകും. ശ്യാമളയ്ക്ക് പകരമായി എം.വി ജയരാജനെ തളിപ്പറമ്പില്‍ പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് നിർണായകം.

Advertisements

സമൂഹമാധ്യമങ്ങളിലൂടെയാണ് അണികള്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നേതൃത്വം തീരുമാനം തിരുത്തണമെന്നാണ് പരസ്യമായി ആവശ്യപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നല്‍കിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നു. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും പറയുന്നു. മുമ്പ് ആന്തൂർ നഗരസഭയിലുണ്ടായ വിവാദങ്ങളും പ്രവാസിയുടെ ആത്മഹത്യയും പി.കെ ശ്യാമളയുടെ ജയസാധ്യതയെ ബാധിച്ചേക്കുമെന്നും അണികള്‍ ഭയപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോള്‍ ആ വ്യക്തിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും പാർട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാല്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥി നിർണയം അങ്ങേയറ്റം പുനർവിചിന്തനം അർഹിക്കുന്ന ഒന്നാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കേട്ടത് സത്യം എങ്കില്‍ ചരിത്രത്തില്‍ ആദ്യമായി പാർട്ടി തളിപ്പറമ്പില്‍ തോല്‍ക്കാൻ പോകുന്നുവെന്ന് കുറിക്കുന്നവരും ഉണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറഞ്ഞതും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഈ മണ്ഡലത്തില്‍ ഭൂരിപക്ഷം നേടിയതുമൊക്കെ അണികള്‍ എടുത്തിടുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തളിപ്പറമ്പില്‍ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചതിന് പിന്നാലെയാണ് അണികളുടെ രോഷ പ്രകടനം ഉണ്ടായിരിക്കുന്നത്. പാർട്ടി വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ചകളും രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

അതേസമയം സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജയെ പേരാവൂരിലാണ് ഇത്തവണ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍.

Hot Topics

Related Articles