കോഴിക്കോട് :താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരസമിതിക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസ്. സമരത്തിന് പിന്നിൽ നിരോധിത സംഘടനകളുടെ പങ്കുണ്ടോയെന്ന സംശയമാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.ആദ്യഘട്ടത്തിൽ എസ്‌ഡിപിഐയുടെ ഇടപെടൽ മാത്രമാണെന്ന് പൊലീസ് കരുതിയിരുന്നെങ്കിലും, കൂടുതൽ നിരോധിത സംഘടനകളുടെ പങ്കും ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സമരത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റിന് നേരെ നടന്ന തീപിടുത്തവും ആക്രമണവും ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്ലാൻ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രശ്‌നമൊന്നുമില്ലാതിരുന്ന അവസ്ഥയിൽ തന്നെ ആംബുലൻസുകൾ അടക്കം മുൻകൂട്ടി ഒരുക്കിയിരുന്നതാണ് ആക്രമണത്തിനായുള്ള ആസൂത്രണത്തിന്റെ തെളിവെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.അതേസമയം, സമരം കൂടുതൽ കടുപ്പിക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്ലാൻ്റ് നിലനിൽക്കുന്ന അമ്പായത്ത് പ്രദേശത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാൽ സമരം ടൗൺ ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതലാണ് പ്ലാന്റ് ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചത്.


