ബെംഗളുരു :ചെങ്കോട്ട സ്ഫോടനത്തെത്തുടർന്ന് രാജ്യത്ത് സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുന്നതിനിടയിൽ ബെംഗളുരുവിലെ ഒരു സ്കൂളിൽ നടന്ന ‘സ്ഫോടനം’ ഒരു നിമിഷത്തേക്ക് പരിഭ്രാന്തി പരത്തിയിരുന്നു. ആനേക്കലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ബ്രെയിനി സ്റ്റാർസ് ഇന്റർനാഷണൽ സ്കൂളിലെ ആൺകുട്ടികളുടെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ സംഭവം നടന്നത്.
ശബ്ദം കേട്ടതോടെ വിദ്യാർത്ഥികളും അധ്യാപകരും ഭീതിയോടെ ക്ലാസ് മുറികളിൽ നിന്ന് പുറത്തിറങ്ങി. സമീപ പ്രദേശവാസികളും ആശങ്കയിലായി. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എന്നാൽ പരിശോധനയിൽ കണ്ടെത്തിയത് പടക്കങ്ങളുടെ അവശിഷ്ടങ്ങളാണ്. ശുചിമുറിയിൽ ആരോ പടക്കം പൊട്ടിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇത് വിദ്യാർത്ഥികളുടെ ‘അപകടകരമായ തമാശ’യാണെന്ന് വ്യക്തമാക്കുകയും പടക്കം പൊട്ടിച്ച കുട്ടികളെ സ്കൂൾ മാനേജ്മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ല. എങ്കിലും നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിഷയം പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഇത്തരം അപകടകരമായ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുമെന്ന് പൊലീസ് അറിയിച്ചു.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അച്ചടക്കം ശക്തമാക്കാനും സ്കൂൾ മാനേജ്മെന്റിനോട് നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.


