കാസർഗോഡ്: വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കവുമായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI). തലപ്പാടി–ചെങ്കള ദേശീയപാത ഭാഗത്ത് നവംബർ 12-ന് രാവിലെ 8 മുതൽ ടോൾ ഈടാക്കുമെന്ന് അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.തലപ്പാടിയിൽ നിലവിലുള്ള ടോൾ പ്ലാസയ്ക്ക് വെറും 22 കിലോമീറ്റർ അകലെയാണ് ആരിക്കാടിയിലെ പുതിയ ടോൾപ്ലാസ. ഇത്രയും ചെറുദൂരത്തിനുള്ളിൽ രണ്ടിടത്തും ടോൾ പിരിയുന്നത് നിയമവിരുദ്ധമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ടോൾ നിരക്കുകൾ ഒരു ഭാഗത്തേക്ക് യാത്ര ചെയ്യുന്ന കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 85, മിനി ബസുകൾക്ക് 140, ബസുകൾക്കും ട്രക്കുകൾക്കും 295, വാണിജ്യവാഹനങ്ങൾക്ക് 320, എർത്ത് മൂവിങ് ഉപകരണങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും 460, ഏഴിൽ കൂടുതൽ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 560 എന്നിങ്ങനെയാണ് നിരക്ക്. പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ നിരക്ക് 340 ആയി നിശ്ചയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിഷേധം ശക്തമാകുന്നുടോൾ പിരിവ് നടപടിക്കെതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് കുമ്പളയിൽ ചേരും. ചെയർമാൻ എ.കെ. അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ടോൾ പിരിവ് ആരംഭിക്കാൻ നിശ്ചയിച്ച അതേ ദിവസം തന്നെ സമരസമിതി നൽകിയ അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിക്കാനിരിക്കുകയാണ്.ദേശീയ പാത അതോറിറ്റിയുടെ വാദപ്രകാരം ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമാണ്. രണ്ടാം റീച്ചിലെ ടോൾപ്ലാസ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇവിടെനിന്ന് ടോൾ പിരിയുമെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.
എങ്കിലും, കുമ്പള, മഞ്ചേശ്വരം, മംഗൽപാടി, മൊഗ്രാൽ പുത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വ്യാപാരികളും വാഹന ഉടമകളും ഇതിനാൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന ആശങ്കയാണ് പ്രദേശവാസികൾ പ്രകടിപ്പിക്കുന്നത്. ഇരുവഴിയിലുമായി യാത്ര ചെയ്യുമ്പോൾ ഇരട്ട ടോൾ നൽകേണ്ടി വരുമെന്നതാണ് പ്രധാന വിമർശനം.


