ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടാനൊരുങ്ങിയ ആറ് വയസുകാരനെ സമയോചിതമായി രക്ഷപ്പെടുത്തി ടിടിഐ. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ നിഖില്‍ മിത്രയുടെ ഇടപെടലാണ് ഒരു കുടുംബത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ശനിയാഴ്ച വൈകിട്ട് 3.40ഓടെ ആലുവ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡി5 കോച്ചിന്റെ ചുമതല നിഖില്‍ മിത്രക്കായിരുന്നു.
ആലപ്പുഴ സ്വദേശിയായ സുനില്‍കുമാറും ഭാര്യയും കുട്ടികളോടൊപ്പം ട്രെയിനില്‍ കയറാൻ എത്തിയപ്പോള്‍ ആദ്യം പത്തും ആറും വയസുള്ള രണ്ട് മക്കളെയും ട്രെയിനിലേക്ക് കയറ്റി. അതിനിടെ ട്രെയിൻ മുന്നോട്ടു നീങ്ങുകയും മാതാപിതാക്കള്‍ പ്ലാറ്റ്ഫോമില്‍ തന്നെ കുടുങ്ങുകയും ചെയ്തു. ഭയന്ന 10 വയസുകാരൻ ഉടൻ തന്നെ ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി. ട്രെയിന്റെ വേഗം കുറവായിരുന്നതിനാല്‍ കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായില്ല. ഇത് കണ്ട ആ റുവയസുകാരനും ചാടാനായി വാതിലിനരികില്‍ എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലാറ്റ്ഫോമിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ ടിടിഐ നിഖില്‍ മിത്ര ഓടിയെത്തി. കുട്ടി ചാടുന്നതിന് തൊട്ടുമുമ്പ് തന്നെ അദ്ദേഹം കുട്ടിയെ പിടിച്ചെടുത്ത് സുരക്ഷിതനാക്കി. തുടർന്ന് അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും കുട്ടിയെ ആലുവ ആർപിഎഫിന് കൈമാറുകയും ചെയ്തു. സ്റ്റേഷൻ അധികൃതരെയും വിവരം അറിയിച്ചു. ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി. നടപടികള്‍ പൂർത്തിയായതിന് പിന്നാലെ ട്രെയിൻ യാത്ര തുടർന്നു.


