കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ആതിഥേയരായ ലങ്കയ്ക്ക് തോൽവി. ന്യൂസിലൻഡിനോട് 61 റണ്ണിനാണ് ലങ്ക തോറ്റത്. ഇതോടെ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് സെമി കാണാതെ പുറത്താകുകയും, പാക്കിസ്ഥാന്റെ കാര്യം പരുങ്ങലിലാകുകയും ചെയ്തു. ടോസ് നേടി ഫീൽഡിംങ് തിരഞ്ഞെടുത്ത ലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റ് നഷ്ടമാക്കി 20 ഓവറിൽ 168 റണ്ണാണ് കിവീസ് നേടിയത്. എന്നാൽ, 20 ഓവർ പൂർത്തിയാകുമ്പോൾ എട്ടു വിക്കറ്റ് നഷ്ടമാക്കിയ ലങ്കയ്ക്ക് 107 റൺ മാത്രമാണ് എടുക്കാനായത്.
84 ന് ആറ് എന്ന നിലയിൽ തകർന്ന കിവീസിനെ 26 പന്തിൽ 47 റൺ എടുത്ത മിച്ചൽ സാറ്റ്‌നർ ആണ് മികച്ച സ്‌കോറിൽ എത്തിച്ചത്. കിവീസിന് വേണ്ടി ഫിൻ അലൻ (23), രചിൻ രവീന്ദ്ര (32), കോൾ മക്കോൾചി (പുറത്താകാതെ 31) എന്നിവർ മികച്ച സ്‌കോർ നേടി. തീക്ഷണയും ചമീരയും ലങ്കയ്ക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംങിൽ റണ്ണെടുക്കും മുൻപ് ലങ്കയ്ക്ക് നിസങ്കയെയും (0), ആറു റണ്ണിൽ അസലങ്കയെയും (5) നഷ്ടമായി. 27 ൽ കുശാൽ മെൻഡീസ് (11) കൂടി വീണതോടെ ലങ്ക കൂട്ടത്തകർച്ച നേരിട്ടു. 29 ൽ രത്‌നായക(10) കൂടി വീണതോടെ ലങ്ക കീഴടങ്ങാൻ ഒരുങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമിന്ദു മെൻഡിസി(31) നൊപ്പം ശനങ്ക (3) 46 വരെ പിടിച്ചു നിന്നു. 59 ൽ ഹേമന്ദയും (3), 77 ൽ കമിന്ദു മെൻഡിസും പുറത്തായതോടെ നൂറ് കടക്കുമോ എന്നായിരുന്നു ആശങ്ക. എന്നാൽ, വെല്ലാൽഗേ (29) 19 ആം ഓവറിന്റെ നാലാം പന്തിൽ പുറത്താകും മുൻപ് നടത്തിയ പോരാട്ടമാണ് ലങ്കയെ നൂറ് കടത്തിയത്. ചമീര (7), തീക്ഷണ (1) എന്നിവർ പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര നാലും, മാറ്റ് ഹെൻട്രി രണ്ടും, സാറ്റ്‌നറും, ഗ്ലെൻ ഫിലിപ്പ്‌സും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ കിവീസ് മൂന്നു പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഒരു പോയിന്റു പോലുമില്ലാത്ത ലങ്ക ടൂർണമെന്റിൽ നിന്നും പുറത്തായി. രണ്ട് കളികളിൽ നിന്നും നാല് പോയിന്റുള്ള ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ഇനിയുള്ള ഒരു സ്ഥാനത്തിന് ന്യൂസിലൻഡും പാക്കിസ്ഥാനും തമ്മിലാണ് മത്സരം. രണ്ടു ടീമുകൾക്കും ഒരു മത്സരം വീതം ബാക്കിയുണ്ട്. മൂന്നു പോയിന്റുള്ള കിവീസിന് അടുത്ത കളി ഇംഗ്ലണ്ടിന് എതിരെ ജയിച്ചാൽ സെമി ഉറപ്പിക്കാം. എന്നാൽ, പാക്കിസ്ഥാന് ലങ്കയോട് വൻ മാർജിനിലുള്ള വിജയം കൊണ്ട് മാത്രമേ നേരിയ പ്രതീക്ഷ എങ്കിലും നില നിർത്താനാവു. അടുത്ത കളി വൻ മാർജിനിൽ കിവീസ് തോൽക്കാനാവും പാക്കിസ്ഥാന്റെ പ്രതീക്ഷ. ഈ ഫലങ്ങൾ വച്ച് നോക്കുമ്പോൾ പാക്കിസ്ഥാനും ടൂർണമെന്റിൽ നിന്നും ഏതാണ്ട് പുറത്തായി കഴിഞ്ഞു.


